ആ സെൽഫി മധുവിന് അവസാനത്തേതായി, കൂട്ടുകാർ നീന്തിക്കയറി

selfi-madhu
സുഹൃത്തുക്കൾക്കൊപ്പം വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ മധു (ഇടത്തേയറ്റം) എടുത്ത സെൽഫി. മരണത്തിനു നിമിഷങ്ങൾക്കു മുൻപുള്ള ഈ ചിത്രം മധു സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു
SHARE

സെൽഫി ഭ്രമം യുവാവിന്റെ ജീവനെടുത്തു. കരുവാറ്റ കൈപ്പള്ളി തറയിൽ മധുവാണ് വള്ളത്തിലിരുന്ന് സെൽഫിയെടുക്കുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ചത്.  ഒപ്പം സഞ്ചരിച്ച രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കരുവാറ്റ കൈപ്പള്ളി തറയിൽ ഗോപിനാഥന്റെ മകനാണ് മധു (32). സുഹൃത്തുക്കളായ രാജേഷ് ഭവനത്തിൽ ശരത്ത് (29), കൈപ്പള്ളി വടക്കതിൽ ശ്രീരാജ് (32) എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആയാപറമ്പ് കടവിനു പടിഞ്ഞാറായിരുന്നു അപകടം.

ഗൾഫിൽനിന്ന് അവധിക്കു നാട്ടിലെത്തിയ ശ്രീരാജ്, സുഹൃത്ത് ശരത്ത് എന്നിവർക്കൊപ്പം കരുവാറ്റയിൽനിന്നാണു ഫൈബർ വള്ളത്തിൽ യാത്ര പുറപ്പെട്ടത്. മൂന്നു മണിയോടെ ആയാപറമ്പ് കടവിനു പടിഞ്ഞാറ് കരയിൽ കയറിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. മധു ഫൊട്ടോഗ്രഫറാണ്.എഴുന്നേറ്റു നിന്നു സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നെന്നാണു രക്ഷപ്പെട്ടവർ പൊലീസിനു നൽകിയ മൊഴി. വള്ളം മറിഞ്ഞു മൂന്നു പേരും വെള്ളത്തിൽ വീണെങ്കിലും ശ്രീരാജും ശരത്തും വള്ളത്തിൽ പിടിച്ചു കിടന്നു.

പിന്നീട് ഇവർ നീന്തി കരയ്ക്കെത്തി.  ഇവർ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഹരിപ്പാട്ടെ അഗ്നിരക്ഷാ സേനാ യൂണിറ്റും നടത്തിയ തിരച്ചിലിൽ നാലു മണിയോടെ മധുവിന്റെ മൃതദേഹമാണു കണ്ടെത്താനായത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലളിത. സഹോദരി: മഞ്ജു. 

ആദ്യ സെൽഫി മധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിൽ മരണം  സ്ഥിരീകരിക്കുമ്പോൾ മധുവിന്റെ സെൽഫിക്കു സമൂഹമാധ്യമങ്ങളിൽ ലൈക്കും കമന്റും വന്നു കൊണ്ടേയിരുന്നു. ചിത്രത്തിന്റെ താഴെ ഒരു സുഹൃത്ത് ആദരാഞ്ജലികൾ എന്നെഴുതിയപ്പോഴാണ് അത് മധുവിന്റെ അവസാന ചിത്രമാണെന്ന് പലരും അറിഞ്ഞത്. 

MORE IN SPOTLIGHT
SHOW MORE