സ്വപ്നങ്ങള്‍ക്ക് പരിമിതികളില്ലെന്ന് തെളിയിച്ച് സിദ്ധാര്‍ഥിന്‍റെ ചിത്രപ്രദര്‍ശനം

Thumb Image
SHARE

വിധി നൽകിയ പരിമിതികളെ പരാജയപ്പെടുത്തിയ കൗമാരക്കാരൻ. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ വിദ്യാർഥിയായ സിദ്ധാർഥിന്റെ ചിത്രപ്രദർശനം വ്യത്യസ്തമാവുന്നത് ചിത്രങ്ങളുടെ മികവ് കൊണ്ട് മാത്രമല്ല, ചിത്രകാരന്റെയും കുടുംബത്തിന്റെയും ആത്മവിശ്വാസം കൊണ്ടു കൂടിയാണ്. 

സിദ്ധാർഥ് മുരളി. പതിനാറ് വയസുണ്ട് സിദ്ധാർഥിന്. നമുക്കു ചുറ്റുമുളള സാധാരണ കുട്ടികളിൽ നിന്ന് അൽപം വ്യത്യസ്തനാണ് സിദ്ധാർഥ്. അസ്പെർജർ സിൻഡ്രമെന്ന ശാരീരികാവസ്ഥയാണ് സിദ്ധാർഥിനെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ബുദ്ധിശക്തി സാധാരണ നിലയിലാണെങ്കിലും മറ്റ് കുട്ടികളെ പോലെ മനസിലുളള കാര്യങ്ങൾ അതേപടി സംഭാഷണത്തിലൂടെ പുറത്തറിയിക്കാൻ സിദ്ധാർഥിനാവില്ല. പക്ഷേ തന്റെ ഈ പരിമിതിയെ പാടേ മറികടക്കാനുളള ശ്രമമാണ് സിദ്ധാർഥിൻറെ ജീവിതം. ആ ജീവിതവഴിയിൽ കഴിഞ്ഞ കുറേ കാലം കൊണ്ട് വരച്ചെടുത്ത ചിത്രങ്ങളാണ് കൊച്ചി ദർബാർ ഹാൾ ആർട്ഗാലറിയിൽ സിദ്ധാർഥ് പ്രദർശിപ്പിച്ചിരിക്കുന്നത്. 

അമ്മയിൽ നിന്നാണ് സിദ്ധാർഥ് ചിത്രകല പഠിച്ചെടുത്തത്. കുട്ടിക്കാലത്തെ കൗതുകം കാര്യമായി. ഒടുവിൽ അത് ഈ പ്രദർശനത്തിലേക്കെത്തി. പരിമിതികളുടെ പേരിൽ പലയിടത്തും അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഒരുപാട് കുട്ടികൾക്ക് ആത്മവിശ്വാസം കൂടിയാണ് തന്റെ ഈ പ്രദർശനത്തിലൂടെ സിദ്ധാർഥ് പകർന്നു നൽകുന്നത്. 

അമ്മ ഡോക്ടർ ജയശ്രീയാണ് ചിത്രരചനയിലുളള സിദ്ധാർഥിന്റെ കഴിവ് തിരിച്ചറിഞ്ഞതും പരിശീലനം നൽകിയതും ചെറിയ പരിമിതികളുടെ പേരിൽ കുട്ടികളുടെ അവസരങ്ങളും സാമൂഹ്യജീവിതവും നിഷേധിക്കരുതെന്ന സന്ദേശം കൂടി ലക്ഷ്യമിട്ടാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചതെന്ന് സിദ്ധാർഥിൻറെ പിതാവും ദുരന്തനിവാരണ രംഗത്ത് രാജ്യാന്തര പ്രശസ്തനുമായ മുരളി തുമ്മാരുകുടി പറയുന്നു.തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ വിദ്യാർഥിയായ സിദ്ധാർഥിന്റെ ചിത്രപ്രദർശനം ഈ മാസം ഏഴുവരെ തുടരും. 

MORE IN SPOTLIGHT
SHOW MORE