നിന്‍റെ കഥ വായിച്ച് ഞാൻ കരഞ്ഞുപോയി; കുഞ്ഞുശ്രേയക്ക് സുഭാഷ് ചന്ദ്രന്‍റെ കത്ത്

പണ്ട് ഇങ്ങനെ ചില പ്രോല്‍സാഹനങ്ങളിലാണ് സുഭാഷ് ചന്ദ്രനും എഴുത്തിന്‍റെ ലോകത്ത് വലിയ വാതിലുകള്‍ തുറന്നത്. 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയ'മെന്ന അസാധാരണകഥ അന്ന് ആ ആദ്യകാലത്ത് സുഭാഷ് എഴുതിയപ്പോള്‍ കൈപിടിച്ചതും നല്ല വാക്കുകള്‍ പറഞ്ഞതും സാക്ഷാല്‍ എംടി വാസുദേവന്‍ നായരായിരുന്നു. 

ഇന്നിതാ എഴുത്തില്‍ മുളപൊട്ടുന്ന കുഞ്ഞുകുട്ടിക്ക് സുഭാഷ് ചന്ദ്രന്‍ എന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്ത് സമ്മാനിച്ച അമൂല്യമായ വരികളാണ് പഴയ ഓര്‍മകള്‍ കൂടി ഉണര്‍ത്തുന്നത്. കഥ വായിച്ച് സുഹൃത്തായ കെ.ആര്‍.ഗോപീകൃഷ്ണന്‍റെ മകള്‍ ശ്രേയാ ലക്ഷ്മിക്ക് അയച്ച എഴുത്താണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. 

കത്ത് ഇങ്ങനെ: 

പ്രിയപ്പെട്ട ശ്രേയക്കുട്ടീ, നിന്‍റെ അതിമനോഹരമായ കഥ വായിച്ച് ഞാൻ കരഞ്ഞുപോയി. കരഞ്ഞത് സങ്കടം കൊണ്ടും സന്തോഷം കൊണ്ടുമാണ്. സങ്കടപ്പെട്ടത് എന്തിനെന്നോ?  ഇത്രയും സ്നേഹത്തോടെ, സൗന്ദര്യത്തോടെ, ലോകത്തെ നോക്കിക്കാണാൻ കഴിയുന്ന കുട്ടിക്കാലം എനിക്ക് കഴിഞ്ഞുപോയല്ലോ എന്നോർത്ത്. സന്തോഷം എന്തിനെന്നോ?  എന്‍റേയും നിന്‍റെ അച്ഛന്‍റേയുമൊക്കെ കുട്ടിക്കാലം ഞങ്ങൾക്ക് ഞങ്ങളുടെ മക്കളുടെ ഇത്തരം എഴുത്തുകളിലൂടെ കുറച്ചെങ്കിലും വീണ്ടും ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലോ എന്നതിനാൽ. നിനക്കായി ഞാൻ കൊടുത്തുവിടാറുള്ള പുസ്തകങ്ങൾ നീ വായിക്കാറുണ്ടെന്നു കരുതട്ടെ.

ഈ ക്രിസ്മസ് അവധിക്ക് പാട്ടും കളിയുമെല്ലാം ആവശ്യത്തിനുവേണം, ഒപ്പം നല്ല അഞ്ചു പുസ്തകങ്ങൾ വായിക്കുമെന്ന് ഒരു ശപഥം ചെയ്യൂ.

നീ കൈ ചുരുട്ടി മുന്നോട്ടു നീട്ടിപ്പിടിച്ച് കണ്ണടച്ചുനിന്ന് ആ പ്രതിജ്ഞ ചെയ്യുന്ന രംഗം എനിക്ക് ഇപ്പോഴേ കാണാം.

നിന്‍റെ ഒാരോ വരിയും ഞാൻ ആസ്വദിച്ചു. എനിക്ക്ഏറ്റവും ഇഷ്ടമായ വരികൾ ഏതെന്നോ?  "ഭൂമിയെ സൃഷ്ടിച്ച ആ ദെെവത്തിന്‍റെ ത്യാഗത്തിന്‍റെ വിയർപ്പുതുള്ളികൾ സുഗന്ധമുള്ള പുഷ്പങ്ങളായി മാറി" എന്നതു തന്നെ!

ദെെവത്തിന്‍റെ നിഴലാണ് പ്രകാശം എന്ന് അരിസ്റ്റോട്ടിൽ എന്നൊരു മഹാമനുഷ്യൻ- ഗ്രീസുകാരൻ- എഴുതി. അതെന്നെ ഞെട്ടിച്ച ഒരു വാചകമായിരുന്നു. അതിനുശേഷം ഞാൻ പിന്നേയും അതേ ഞെട്ടൽ ഞെട്ടിയത് ഇപ്പോഴാണ്. ദെെവവിയർപ്പിന്‍റെ ദുർഗന്ധമാണ് ഭൂമിയിലെ പൂക്കളുടെ സുഗന്ധം എന്ന്.

ദെെവാനുഗ്രഹം നിനക്ക് എപ്പോഴും ഉണ്ടാകും കുഞ്ഞേ!

ഹാപ്പി ക്രിസ്മസ്, ആൻഡ് ന്യൂ ഇയർ

സ്നേഹം  സുഭാഷ് അങ്കിൾ

ക്രിസ്മസ് അവധിക്ക് ശ്രേയ എഴുതിയ കഥയ്ക്ക് കിട്ടിയ അമൂല്യമായ സമ്മാനം എന്ന തലക്കെട്ടില്‍ ശ്രേയയുടെ അച്ഛനാണ് കത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.