അത് ഔട്ട് തന്നെയാണോ? വിരാട് കോലിയുടെ പുറത്താകലില്‍ വിമര്‍ശനം

kohli
SHARE

ഐ.പി.എല്ലില്‍ ഇന്ന് നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. വിജയത്തിന്‍റെ പടിവാതിലോളം എത്തിയിട്ടും ഭാഗ്യം തുണയ്ക്കാതെ പോയതിന്‍റെ നിരാശയിലാണ് ടീം. എന്നാല്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത് കൊല്‍ക്കത്തയുടെ ബോളിങ് നിര മാത്രമല്ലെന്നും അംപയര്‍മാരുടെ തെറ്റായ തീരുമാനം കൂടിയാണെന്നുമാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. 

മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിരാട് കോലിയുെട പുറത്താകലാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു കാരണം. 222 എന്ന ടോട്ടല്‍ മികച്ച രീതിയില്‍ ചെയ്സ് ചെയ്തുകൊണ്ടിരിക്കവേയാണ് മത്സരത്തിന്‍റെ മൂന്നാം ഓവറില്‍ വിരാട് കോലിയെ നഷ്ടമാകുന്നത്. ഹര്‍ഷിത് റാണയുടെ വെയ്സ്റ്റ് ഹൈ ഫുള്‍ടോസ് (Waist High Fulltoss) പന്ത് ഡിഫന്‍ഡ് ചെയ്യുന്നതിനിടെ ഹര്‍ഷിതിന് തന്നെ തന്നെ ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. 

എന്നാല്‍ വിരാടിന്‍റെ അരയ്ക്ക് മുകളിലായാണ് പന്ത് വന്നതെന്നും അതിനാല്‍ ഔട്ടല്ലെന്നും കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് അംപയര്‍ ഔട്ട് വിധിച്ചത്. തേഡ് അംപയറിന്‍റെ തീരുമാനത്തിന് വിട്ടപ്പോള്‍ കോലി ക്രീസിന് പുറത്തായിരുന്നുവെന്നും അതിനാല്‍ ആ ഡെലിവറി  നോ ബോള്‍ അല്ലെന്നുമുള്ള നിഗമനത്തിലാണ് ഔട്ട് വിധിച്ചത്. 

അംപയറുടെ ഈ തീരുമാനം ഇടപെടല്‍ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായി. ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച ഫോമിലാണ് താരം. ഇന്നത്തെ മത്സരത്തില്‍ ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 18 റണ്‍സെടുത്ത് മികച്ച ഫോമില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു താരത്തിന്‍റെ ഈ അപ്രതീക്ഷിത പുറത്താകല്‍. നിരാശനായി മടങ്ങിയതാരം തന്‍റെ അമര്‍ഷവും മറച്ചുവെച്ചില്ല. ഫീല്‍ഡ് അമ്പയര്‍മാരോട് കയര്‍ത്ത ശേഷമാണ് താരം മൈതാനം വിട്ടത്. 

വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ടീം പരാജയപ്പെട്ടതോടെ ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിക്കുകയും ചെയ്തു.

Virat Kohli Shouts At Umpire After Controversial Dismissal

MORE IN SPORTS
SHOW MORE