ദൗര്‍ഭാഗ്യം വിട്ടൊഴിയാതെ ബെംഗളൂരു; കൊല്‍ക്കത്തയുടെ ജയം ഒരു റണ്ണിന്

rcb
SHARE

വില്‍ ജാക്സിന്‍റെയും, രജത് പഠിദാറിന്‍റെയും, അര്‍ധ സെഞ്ചുറികള്‍ക്കും, കരണ്‍ ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിനും ബെംഗളുരുവിനെ കാക്കാനായില്ല. ശ്രേയസ് അയ്യരുടെയും ഫില്‍ സാള്‍ട്ടിന്‍റെയും ബാറ്റിങ്ങ് കരുത്തില്‍  കൊല്‍ക്കത്ത ഉയര്‍ത്തിയ  റണ്‍മല കയറാന്‍ സാധിക്കാതിരുന്നതോടെ അവസാന ഓവര്‍ വരെ ആവശം നിറഞ്ഞ മത്സരത്തില്‍  കൊല്‍ക്കത്തയ്ക്ക് ഒരു റണ്‍സിന്‍റെ വിജയം. 

7 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും 2സിക്സറുകളും ഉള്‍പ്പെടെ 18 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിരാട് കോഹ്ലിയുടെ പുറത്താകല്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. താരം പുറത്തായ പന്ത് നോബോള്‍ ആണെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. സീസണിലുടനീളം മികച്ച ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന താരത്തിന്‍റെ പുറത്താകല്‍ സ്കോറിങ്ങിന്‍റെ താളത്തിനെ ബാധിച്ചു.  

ഫാഫ് ഡൂപ്ലെസിക്കും സ്കോറിങ്ങില്‍ താളം കണ്ടെത്താനായില്ല. പിന്നാലെയെത്തിയ വില്‍ ജാക്സ്, രജത് പഠിദാര്‍ എന്നിവരുടെ ഹാഫ് സെഞ്ചുറിയുടെ മികവില്‍ ടീം വിജയപ്രതീക്ഷ കാത്തു. എന്നാല്‍ 11ാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആന്ദ്രേ റസല്‍ മത്സരം കൊല്‍ക്കത്തയുടെ കൈപ്പിടിയിലാക്കി. കളിയുടെ അവസാനം 18 പന്തുകളില്‍ നിന്ന് 25 റണ്‍സുമായി നിലയുറപ്പിച്ച  ദിനേശ് കാര്‍ത്തിക്കിനെയും റസല്‍ കൂടാരം കയറ്റി.  എന്നാല്‍ അവസാന ഓവറില്‍ കരണ്‍ ശര്‍മ രക്ഷകനായി രംഗത്തെത്തി. അവസാന ഓവറില്‍ 21 റണ്‍സ് വേണമന്നിരിക്കെ മൂന്ന് സിക്സറുകള്‍ പായിച്ച താരം പക്ഷേ ഓവറിന്‍റെ അഞ്ചാം പന്തില്‍ പുറത്താകുകയായിരുന്നു. 

അവസാന പന്തില്‍ 3റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സിറാജിന് പ്രതീക്ഷയ്ക്കപ്പുറം ഒന്നും ചെയ്യാനാകാതെ വന്നതോടെ ബംഗളുരുവിന്‍റെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. 

ടോസ് നഷ്ടമായെങ്കിലും സ്കോറിങ്ങില്‍ താളം കണ്ടെത്താന്‍ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട്,  നായകന്‍ ശ്രേയസ് അയ്യര്‍ ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് 222/6 എന്ന ടീം ടോട്ടലിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്.  

ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തുടക്കത്തില്‍ തന്നെ ബംഗളുരു ബൗളര്‍മാരെ ആക്രമിച്ച് സ്കോര്‍ചെയ്ത് തുടങ്ങിയിരുന്നു. 14 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 48 റണ്‍സാണ് സാള്‍ട്ട് നേടിയത്.36 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ നായകന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 

പിന്നാലെയെത്തിയ റിങ്കു സിങും രമണ്‍ദീപ് സിങും ആക്രമിച്ച് കളിച്ചതോടെ 222 എന്ന സ്കോര്‍ കൊല്‍ക്കത്ത സ്വന്തമാക്കി. 16 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സാണ് റിങ്കുവിന്‍റെ സംഭാവന.  ഒന്‍പത് പന്തുകളില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത രമണ്‍ദീപ് സിങ് പുറത്താകാതെ നിന്നു.

ബെംഗളുരുവിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും കാമറൂണ്‍ ഗ്രീനുമാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്. മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗൂസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കൊല്‍ക്കത്തയ്ക്കായി ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റും സുനില്‍ നരെയ്ന്‍ ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

7 മത്സരങ്ങളില്‍ നിന്ന് 5 ജയവും 2 തോല്‍വിയുമായി 10 പോയിന്റോടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  8 മത്സരങ്ങളില്‍ നിന്ന് കേവലം ഒരു ജയം മാത്രമുള്ള ബെംഗളുരു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

MORE IN SPORTS
SHOW MORE