'സഞ്ജു പഴയ സഞ്ജുവല്ല': ടി20 ലോകകപ്പിൽ മലയാളി താരം വേണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ....

Untitled design - 1
SHARE

ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്‌ജു സാംസൺ ഇടം നേടുമോ?. ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ആരാവും എത്തുകയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നതിനിടെ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്‌ജു സാംസണെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്‌ജയ്‌ മഞ്ജരേക്കർ. പക്വതയും സ്ഥിരതയും പ്രകടിപ്പിക്കുന്ന സഞ്ജു സാംസന്റെ സമീപകാല ഫോമിനെ അദ്ദേഹം പ്രശംസിച്ചു. 

സഞ്ജു പഴയ സഞ്ജുവല്ലെന്നും ബാറ്ററെന്ന നിലയില്‍ താരം പക്വത കൈവരിച്ചിരിക്കുന്നുവെന്നുമാണ് സഞ്‌ജയ്‌ മഞ്ജരേക്കറുടെ നിരീക്ഷണം. ഇപ്പോഴത്തെ ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. കുറേ നാളായി ഇന്ത്യന്‍ ടീമിന്‍റെ അകത്തും പുറത്തുമായി സഞ്‌ജുവുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്ന പ്രകടനങ്ങളാണ് ഇപ്പോൾ സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഇത്തവണത്തെ ടി20 ടീമിൽ സഞ്ജുവിനെ പോലൊരു പ്ലെയർ അത്യാവശ്യമാണ്"- സഞ്‌ജയ്‌ മഞ്ജരേക്കര്‍ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു.

വാഹനാപകടത്തിലേറ്റ പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ റിഷഭ്‌ പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒരു പരീക്ഷണത്തിനും തയ്യാറല്ലെന്നും മികച്ച പ്രകടനം മാത്രമാണ് ട്വന്‍റി20 ലോകകപ്പ് ടീമിലേക്കുള്ള പ്രവേശത്തിന് അടിസ്ഥാനമെന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.  ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലെ പ്രകടനവും ട്വന്‍റി20യിലെ മികച്ച പ്രകടനവുമാകും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുക. 

പന്തിനെ തന്നെയാകും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ബിസിസിഐ ആദ്യം പരിഗണിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പകരക്കാരന്‍റെ റോളിലേക്ക് നറുക്ക് വീഴുന്നത് കെ.എല്‍ രാഹുലിനാണോ സഞ്ജുവിനാണോ എന്നാണ് അറിയാനുള്ളത്. ഇത്തവണത്തെ ഐപിഎല്ലിൽ 7 മല്‍സരങ്ങളില്‍ നിന്നായി 276 റണ്‍സാണ് സഞ്ജു നേടിയത്. അത്ര തന്നെ മത്സരങ്ങളിൽ നിന്നായി രാഹുലിന് 286 റണ്‍സാണുള്ളത്. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കെ.എല്‍ രാഹുൽ അഞ്ചാതും സഞ്‌ജു ഏഴാമതുമാണ്. 

india needs that kind of player Sanjay Manjrekar in support of Sanju Samson

MORE IN SPORTS
SHOW MORE