ലോകകപ്പ് ടീം സിലക്ഷനില്‍ 'അട്ടിമറി'; കീപ്പര്‍ സ്പോട്ടിന് അവകാശവാദവുമായി സീനിയര്‍; തിരിച്ചടി സഞ്ജുവിന്

rohit-indian-team
SHARE

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങളെ അടുത്താഴ്ചയോടെ അറിയാനാകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 27 ന് ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സ് മല്‍സരത്തിന് ശേഷം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണും. ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ 15 അംഗ ടീമിന്‍റെ അന്തിമരൂപമാകും.  മേയ് ഒന്നാണ് ടീം പ്രഖ്യാപിക്കാനായി ഐസിസി നല്‍കിയ അവസാന തീയതി.

ടീമിനെ പ്രഖ്യാപിക്കാനുള്ള തീയതി അമേരിക്കയിലേക്ക് പറക്കുന്നവരുടെ പട്ടികയില്‍ പുതിയ അട്ടിമറി സംഭവിക്കുമോ എന്നതാണ് നിലവിലെ ആശങ്ക. ടീമിനെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച ബാക്കി നില്‍കെ വിക്കറ്റ് കീപ്പര്‍ സ്പോട്ടിലേക്ക് കടുത്ത മല്‍സരം നടക്കുന്നതിനിടയില്‍ സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്ക് അവകാശവാദവുമായി എത്തിയത് സഞ്ജു സാംസണ്‍ അടക്കമുള്ളവരുടെ സാധ്യതകള്‍ക്ക് ഭീഷണിയാകുമെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദിനേശ് കാര്‍ത്തിക് ലോകകപ്പ് മോഹങ്ങള്‍ വ്യക്തമാക്കിയത്. 

'ഈയൊരു ഘട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ വികാരമാണ്. എനിക്ക് അങ്ങനെ ചെയ്യാന്‍ താല്‍പര്യമുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതിനേക്കാള്‍ വലുതായി ജീവിതത്തില്‍ ഒന്നുമില്ല' എന്നാണ് ദിനേശ് കാര്‍ത്തിക് പറഞ്ഞത്. 2022 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ കളിച്ച താരമാണ് ദിനേശ് കാര്‍ത്തിക്. 

നേരത്തെ ടി20 ലോകകപ്പ് ടീമിനുള്ള സാധ്യതകളില്‍ ഇല്ലാതിരുന്നിട്ടും ഐപിഎല്ലിലെ പ്രകടനമാണ് ദിനേശ് കാര്‍ത്തിക്കിനെ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 35 പന്തില്‍ 83 നേടി ഈ 39 കാരന്‍ ഞെട്ടിച്ചിരുന്നു. 200 ന് മുകളില്‍ സ്ട്രൈക്ക്റേറ്റുള്ള ദിനേശ് കാര്‍ത്തിക്ക് 7 മല്‍സരങ്ങളില്‍ നിന്നായി ആര്‍സിബിക്ക് വേണ്ടി 226 റണ്‍സ് നേടിയിട്ടുണ്ട്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന താരമാണ് വിരാട് കോലി (361)ക്കും ക്യാപ്റ്റന്‍ ഫാഫ് ഡ്യുപ്ലിസി(232)ക്കും പിന്നാലെ ആര്‍സിബിയുടെ റണ്‍വേട്ടക്കാരന്‍. 

ദിനേശ് കാര്‍ത്തിക് കൂടെ എത്തുമ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്പോട്ടിലേക്കുള്ള മല്‍സരം കടുക്കുകയാണ്. ഐപിഎല്‍ പകുതിയാകുമ്പോള്‍ രണ്ട് അര്‍ധ സെഞ്ചറി കയ്യിലുള്ള റിഷഭ് പന്താണ് പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സംസാസണും. സഞ്ജു മൂന്ന് അര്‍ധ സെഞ്ചറി ഇതിനോടകം നേടി. കെ.എല്‍ രാഹുലും കൂടി മോഹിക്കുന്ന ഈ സ്പോട്ടിലേക്കാണ് ദിനേശ് കാര്‍ത്തിക്ക് എത്തുന്നത്. എന്നാല്‍ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും രോഹിതും അഗാർക്കറും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് കാർത്തിക് വ്യക്തമാക്കിയത്. 

Dinesh Karthik come to the race of wicketkeeper spot in t20 world cup 2024; Backlash to Sanju

MORE IN SPORTS
SHOW MORE