'ടീമിലിടം വേണോ?' ഹര്‍ദികിനെ വിരട്ടി രോഹിതും അഗാര്‍ക്കറും

hardik-rohit-1
SHARE

ജീവിതം തന്നെ മാറ്റി മറിച്ച ഫ്രാഞ്ചൈസി. ആ ഫ്രാഞ്ചൈസിയിലേക്ക് ക്യാപ്റ്റനായി തിരിച്ചുവരവ്. എന്നാല്‍ ആ സ്വപ്ന നേട്ടത്തിലേക്ക് എത്തിയിട്ടും കാര്യങ്ങള്‍ ഹര്‍ദിക് പാണ്ഡ്യക്ക് അനുകൂലമായിരുന്നില്ല. ആരാധകരുടെ കൂവല്‍, ടീമിന്റെ തുടര്‍ തോല്‍വികള്‍ എന്നിവയെല്ലാം ഹര്‍ദിക്കിനെ പിന്നോട്ടുവലിച്ചു. ഇപ്പോള്‍ ഹര്‍ദിക്കിന്റെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ക്ക് മേലും കരിനിഴല്‍ വീഴുന്നതായുള്ള സൂചനകളാണ് വരുന്നത്. 

സീസണില്‍ 6 കളിയില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് ഹര്‍ദിക് സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 26.20. സീസണിന്റെ തുടക്കത്തില്‍ മുംബൈയുടെ ബോളിങ് ഓപ്പണ്‍ ചെയ്ത് തുടങ്ങിയിരുന്നത് ഹര്‍ദിക്കായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. കൂടുതല്‍ റണ്‍സ് വഴങ്ങിയതോടെ ഹര്‍ദിക്കിന്റെ ബോളിങ് ടീമിന് ബാധ്യതയായി മാറി. 

ട്വന്റി20 ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ കൂടിക്കാഴ്ചയില്‍ ഹര്‍ദിക്കിന്റെ സെലക്ഷനും മുന്‍പോട്ട് വന്നതായാണ് വിവരം. കൂടുതല്‍ ഓവര്‍ ബോള്‍ ചെയ്ത് ബോളിങ്ങില്‍ തിളങ്ങിയാല്‍ മാത്രമാവും ട്വന്റി20 ലോകകപ്പ് ടീമില്‍ ഹര്‍ദിക്കിനെ പരിഗണിക്കുക എന്ന തീരുമാനം മാനേജ്മെന്റ് എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നിങ്സിന്റെ പല ഘട്ടങ്ങളില്‍ ബോള്‍ ചെയ്ത് ഹര്‍ദിക് പരീക്ഷിച്ചെങ്കിലും തിളങ്ങാനായില്ല. പവര്‍പ്ലേ ബോളര്‍ എന്ന നിലയില്‍ എത്തിയപ്പോള്‍ നാല് ഓവറില്‍ 44 റണ്‍സ് ആണ് വഴങ്ങിയത്. മധ്യഓവറുകളിലേക്ക് വന്നപ്പോള്‍ ആറ് ഓവറില്‍ നിന്നായി വഴങ്ങിയത് 62 റണ്‍സ്. ഡെത്ത് ബോളറായി വന്നപ്പോള്‍ ഒരു ഓവറില്‍ വിട്ടുകൊടുത്തത് 26 റണ്‍സ്. 

ശിവം ദുബെയാണ് ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്നതില്‍ ഹര്‍ദിക്കിന് മുന്‍പില്‍ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ ചെന്നൈക്ക് വേണ്ടി ഇംപാക്ട് പ്ലേയറായി ആണ് ദുബെ കളിക്കുന്നത് എന്നതാണ് ഇവിടെ സെലക്ടര്‍മാരെ അലോസരപ്പെടുത്തുന്നത്. ഓള്‍റൗണ്ടറാണ് എങ്കിലും ദുബെയെ ചെന്നൈ ഈ സീസണില്‍ ബോളിങ്ങില്‍ ചെന്നൈ പരീക്ഷിച്ചിട്ടില്ല. 

Strict world cup selection condition for Hardik Pandya

MORE IN SPORTS
SHOW MORE