'ദയവായി പരീക്ഷണങ്ങള്‍ നിര്‍ത്തണം'; സഞ്ജുവിന്റെ തന്ത്രം പിഴച്ചതോടെ ആരാധകര്‍

sanju-samson-shandeep
SHARE

കൂറ്റന്‍ വിജയ ലക്ഷ്യവും മുന്‍പില്‍ വെച്ച് ബാറ്റ് ചെയ്യവെ രാജസ്ഥാന്‍ റോയല്‍സ് പലവട്ടം ആടിയുലഞ്ഞു. 178-7 എന്ന നിലയിലേക്കും വീണ് സമ്മര്‍ദം നിറഞ്ഞിട്ടും ബട്ട്ലറിന്റെ മികവില്‍ രാജസ്ഥാന്‍ ജയം തൊട്ടു. 60 പന്തില്‍ നിന്ന് 107 റണ്‍സുമായി ബട്ട്ലര്‍ നിറഞ്ഞാടിയ കളിയില്‍ ആരാധകരുടെ ചങ്കിടിപ്പുകൂട്ടുന്ന പരീക്ഷണങ്ങളും രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വന്നു. 

ഹെറ്റ്മയറിനും പവലിനും മുന്‍പേ അശ്വിനെ ക്രീസിലേക്ക് അയച്ച രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനമാണ് ജയത്തിനിടയിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. 100-4 എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സ് നില്‍ക്കുമ്പോഴാണ് അശ്വിനെ സഞ്ജുവും സംഗക്കാരയും ചേര്‍ന്ന് ഒരിക്കല്‍ കൂടി നേരത്തേ ബാറ്റിങ്ങിനിറക്കുന്നത്. എന്നാല്‍ 11 പന്തില്‍ നിന്ന് 8 റണ്‍സ് മാത്രം എടുത്ത് അശ്വിന്‍ മടങ്ങി.

റണ്‍റേറ്റ് ഉയര്‍ത്തി കളിക്കേണ്ട നിര്‍ണായക സമയത്ത് റണ്‍സ് കണ്ടെത്താന്‍ അശ്വിന്‍ പ്രയാസപ്പെടുന്നത് ആരാധകരേയും ആശങ്കപ്പെടുത്തി. ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ തന്ത്രത്തിന് മുന്‍പില്‍ അശ്വിന്‍ വീണു. മിഡില്‍ സ്റ്റംപിലേക്ക് എത്തിയ പന്തിലെ എക്സ്ട്രാ ബൗണ്‍സ് മനസിലാക്കുന്നതില്‍ അശ്വിന് പിഴച്ചപ്പോള്‍ ഡീപ് മിഡ്​വിക്കറ്റില്‍ രഘുവന്‍ഷി താരത്തെ കൈക്കലാക്കി. അശ്വിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം പിഴച്ചത് ചെയ്സിങ്ങില്‍ ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 

അശ്വിനെ ബാറ്റിങ് പൊസിഷനില്‍ നേരത്തെ ഇറക്കാനെടുത്ത രാജസ്ഥാന്‍ തീരുമാനം അനാവശ്യമായിരുന്നു എന്നാണ് ആരാധകരുടെ വിമര്‍ശനം. അശ്വിന് പിന്നാലെ വന്ന ഹെറ്റ്മയര്‍ ആദ്യ പന്തില്‍ ഡക്കായി മടങ്ങുക കൂടി ചെയ്തതോടെ രാജസ്ഥാന്‍ വിജയ ലക്ഷ്യം തൊടുമോയെന്ന ആശങ്ക ശക്തമായിരുന്നു. 

സീസണില്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ കളിയിലും അശ്വിനെ രാജസ്ഥാന്‍ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റി ഇറക്കിയിരുന്നു. അന്ന് അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ നിന്ന് 29 റണ്‍സ് നേടി. മൂന്ന് സിക്സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നിരുന്നു. 

MORE IN SPORTS
SHOW MORE