'61 പന്തില്‍ സെഞ്ചറി; രോഹിത് സ്വാര്‍ഥന്‍'‍; തോല്‍വിക്ക് കാരണക്കാരനെന്ന് വിമര്‍ശനം

rohit-kohli-1-2
SHARE

എം.എസ്.ധോണിയുടെ മൂന്ന് സിക്സുകള്‍ക്ക് മുന്‍പില്‍ രോഹിത് ശര്‍മയുടെ സെഞ്ചറി മങ്ങിയോ? വാങ്കഡെയിലെ ചെന്നൈ–മുംബൈ പോര് കഴിഞ്ഞതിന് പിന്നാലെ ആരാധകരുടെ ചോദ്യം ഇതാണ്. സെ‍ഞ്ചറിയിലേക്ക് എത്തിയെങ്കിലും ബാറ്റ് ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കാന്‍ രോഹിത് തയ്യാറായില്ല. ടീമിനെ ജയിപ്പിച്ചു കയറ്റാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇത്. അതിനിടയില്‍ രോഹിത്തിനെ സ്വാര്‍ഥന്‍ എന്ന് വിളിച്ച് കോലി ആരാധകരും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. 

ടീമിനെ ജയിപ്പിക്കുകയായിരുന്നില്ല, സെഞ്ചറിയായിരുന്നു രോഹിത്തിന്റെ ലക്ഷ്യം എന്ന വിമര്‍ശനമാണ് കോലി ആരാധകര്‍ ഉയര്‍ത്തുന്നത്. 63 പന്തില്‍ നിന്ന് 11 ഫോറും അഞ്ച് സിക്സും സഹിതം 166 എന്ന സ്ട്രൈക്ക്റേറ്റിലാണ് രോഹിത് 105 റണ്‍സ് സ്കോര്‍ ചെയ്തത്. എന്നാല്‍ വ്യക്തിഗത സ്കോര്‍ 77ല്‍ എത്തിയതിന് പിന്നാലെ രോഹിത് സ്കോറിങ്ങിന്റെ വേഗം കുറച്ചതായും ബൗണ്ടറി കണ്ടെത്താന്‍ ശ്രമിക്കാതിരുന്നതായുമാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്നാല്‍ മറ്റ് സഹതാരങ്ങളില്‍ നിന്ന് വേണ്ട പിന്തുണ കിട്ടാതെ വന്നതോടെയാണ് രോഹിത്തിന് ടീമിനെ ജയിപ്പിച്ചു കയറ്റാനാവാതെ വന്നത് എന്നും രോഹിത് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രോഹിത്തിന് പകരം ഇവിടെ കോലിയാണ് 61 പന്തില്‍ സെഞ്ചറി നേടിയിരുന്നത് എങ്കില്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ കോലിക്കെതിരെ തിരിഞ്ഞാനെ എന്നാണ് കോലി ആരാധകര്‍ പറയുന്നത്. സീസണിലെ റണ്‍വേട്ടയില്‍ കോലിയാണ് മുന്‍പില്‍ നില്‍ക്കുന്നത് എങ്കിലും കോലിയുടെ സ്ട്രൈക്ക്റേറ്റ് ചൂണ്ടി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. 

ആറ് മല്‍സരങ്ങളില്‍ നിന്ന് കോലി ഇതുവരെ 319 റണ്‍സ് സ്കോര്‍ ചെയ്തു. 113 ആണ് ഉയര്‍ന്ന സ്കോര്‍. സീസണിലെ സ്ട്രൈക്ക്റേറ്റ് 141. ആറ് മല്‍സരങ്ങളില്‍ നിന്ന് 261 റണ്‍സ് ആണ് രോഹിത് കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 167.31. 52 ആണ് സീസണിലെ രോഹിത്തിന്റെ ബാറ്റിങ് ശരാശരി.

MORE IN SPORTS
SHOW MORE