വാങ്കഡെയില്‍ ധോണിക്ക് യാത്രയയപ്പ്?; 'തല'യെ കാത്ത് മുംബൈയുടെ കോട്ട

ms-dhoni
SHARE

മുംബൈ ഇന്ത്യന്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടുമ്പോള്‍ വാങ്കഡെയില്‍ കളിക്കാരനായി ധോണിയുടെ അവസാന വരവാണോ എന്നാണ് ആരാധകരുടെ ചോദ്യം. ധോണിയുടെ സിക്സിലൂടെ വിജയ റണ്‍ കുറിച്ച് ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയ സ്റ്റേഡിയത്തില്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ധോണി ഇറങ്ങുമ്പോള്‍ ആരാധകര്‍ ആഘോഷമാക്കും എന്നുറപ്പ്. 

ക്യാപ്റ്റന്‍സി ഋതുരാജിന് കൈമാറിയതോടെ ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. എന്നാല്‍ പ്രായം 42ല്‍ നില്‍ക്കുമ്പോഴും വിക്കറ്റിന് പിന്നില്‍ നിന്നും ബാറ്റുകൊണ്ടും വിസ്മയിപ്പിക്കാന്‍ ധോണിക്ക് കഴിയുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കളിയില്‍ ചെന്നൈ തോല്‍വിയിലേക്ക് വീണെങ്കിലും 16 പന്തില്‍ നിന്ന് 37 റണ്‍സ് ആണ് ധോണി അടിച്ചെടുത്തത്. പറത്തിയത് മൂന്ന് ഫോറും നാല് സിക്സും. 

വാങ്കഡെയില്‍ ധോണി അവസാനമായി ഇറങ്ങുന്ന എന്ന വിലയിരുത്തലുകള്‍ ശക്തമാവുമ്പോള്‍ ആ പോരാട്ടം ആരാധകര്‍ക്ക് വൈകാരികമാവും. അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ സീസണിലെ പ്ലേഓഫ് മല്‍സരങ്ങള്‍. അതുകൊണ്ട് തന്നെ സീസണില്‍ ധോണിക്ക് വീണ്ടും വാങ്കഡെയിലേക്ക് വരാനുള്ള അവസരമില്ല. 

13 മല്‍സരങ്ങളാണ് ധോണി ഇന്ത്യക്കായി വാങ്കഡെയില്‍ കളിച്ചത്. ഐപിഎല്ലില്‍ ധോണി വാങ്കഡെയില്‍ കളിച്ചത് 27 മല്‍സരങ്ങളും. ഒരു അര്‍ധ ശതകം ഉള്‍പ്പെടെ 392 റണ്‍സ് നേടി. 17 സിക്സുകളാണ് വാങ്കഡെയില്‍ ധോണിയുടെ ബാറ്റില്‍ നിന്ന് വന്നിരിക്കുന്നത്. 

MORE IN SPORTS
SHOW MORE