സ്ട്രൈക്ക് റേറ്റ് 77.42; തനുഷിനെ എന്തിന് ഓപ്പണറാക്കി?; സഞ്ജുവിന് വിമര്‍ശനം

tanush-sanju
SHARE

31 പന്തില്‍ 24 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 77.42. യശസ്വി ജയ്സ്വാളിനൊപ്പം രാജസ്ഥാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ തനുഷ് കൊട്ടിയാനെ അയച്ച തീരുമാനത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും പരിശീലകന്‍ സംഗക്കാരക്കും നേരെ വിമര്‍ശനം. പത്താമനായെല്ലാം ബാറ്റ് ചെയ്തുവരുന്ന താരത്തെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചതിന് നേര്‍ക്കാണ് ചോദ്യങ്ങള്‍ ഉയരുന്നത്. 

ബട്ട്ലര്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് ഓപ്പണിങ്ങില്‍ രാജസ്ഥാന്‍ പരീക്ഷണം നടത്തിയത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ തനുഷ് ഒരു സെഞ്ചറിയും നാല് അര്‍ധ ശതകവും നേടിയിരുന്നു. എന്നാല്‍ ഇത് എട്ടാമനായോ അതില്‍ താഴെയോ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങിയാണ്. 120, 89 എന്നിങ്ങനെയാണ് പത്താമനായി ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴുള്ള തനുഷിന്റെ ടോപ് സ്കോറുകള്‍. 42 ആണ് തനുഷിന്റെ ഫസ്റ്റ് ക്ലാസിലെ ബാറ്റിങ് ശരാശരി.  ഓഫ് സ്പിന്നറായ തനുഷിന്റെ ബോളിങ് ഓള്‍റൗണ്ടറായാണ് താരത്തിന്റെ മുംബൈ ടീം പരിഗണിക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് തിരിച്ചും. 

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച തനുഷിനെ പഞ്ചാബിന് എതിരെ ഒരോവര്‍ പോലും രാജസ്ഥാന്‍ ബോള്‍ ചെയ്യിച്ചില്ല. ബട്ട്ലറുടേയും അശ്വിന്റേയും അഭാവത്തില്‍ തനുഷ് പ്ലേയിങ് ഇലവനിലേക്ക് എത്തിയെങ്കിലും ഓപ്പണറുടെ റോളില്‍ തനുഷിനെ രാജസ്ഥാന്‍ പരിഗണിച്ചത് അപ്രതീക്ഷിതമായിരുന്നു. രാജസ്ഥാന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ എത്തിയത്. 

എല്ലാ സീസണിലും അവര്‍ ഇങ്ങനെ എന്തെങ്കിലും ചെയ്ത് കാര്യങ്ങള്‍ കുഴച്ചുമറിച്ചും. തനുഷ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ വരുന്നത് കണ്ട് കമന്ററി ബോക്സിലിരുന്ന് ഞാന്‍ ഞെട്ടി. എന്താണ് തനുഷിനെ ഓപ്പണറാക്കിയതിന് പിന്നിലെ യുക്തി. അതുപോലൊരു സാഹചര്യത്തെ മുന്‍പ് അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു കുട്ടിയെ അതിന്റെ ആദ്യ ഐപിഎല്‍ മല്‍സരത്തില്‍ ഈ വിധം കൈകാര്യം ചെയ്തിരിക്കുന്നു, റോബിന്‍ ഉത്തപ്പ പറഞ്ഞു. 

റണ്‍ ചെയ്സില്‍ എന്താണോ ചെയ്യാന്‍ പാടില്ലാത്തത് അതാണ് അവര്‍ ചെയ്തത്. പത്താമനായി ഇറങ്ങുന്ന ബാറ്ററെ അവര്‍ ഓപ്പണറാക്കി. അവരുടെ പോയിന്റ് നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയാനെ. ഹെറ്റ്മയറിന്റേത് പോലൊരു ഇന്നിങ്സ് ആവശ്യപ്പെടുന്ന ചെയ്സ് അല്ലായിരുന്നു അത്. അവര്‍ നല്ല ടീം ആണ്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ അവരുടെ പോയിന്റ് നഷ്ടപ്പെടുത്തും. ഡഗൗട്ടിലെ ടെന്‍ഷന്‍ നിങ്ങള്‍ കണ്ടതാണ്, ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ പറഞ്ഞു.

Criticism on Sanju's Tanush Move

MORE IN SPORTS
SHOW MORE