'ഓപണിങില്‍ 130 സ്ട്രൈക്ക്റേറ്റ് മോശമല്ല'; കോലിയെ തുണച്ച് ലാറ

kohli-lara
SHARE

അഞ്ച് കളിയില്‍ നിന്ന് 316 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണെങ്കിലും സ്ട്രൈക്ക്റേറ്റ് ചൂണ്ടി കോലിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കാനാവാത്തത് ചൂണ്ടി കോലിയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത് എന്ന മുറവിളിയും ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ കോലിയെ പിന്തുണച്ച് എത്തുകയാണ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. 

'ബാറ്റിങ് പൊസിഷനെ ആശ്രയിച്ചിരിക്കും സ്ട്രൈക്ക്റേറ്റും. ഓപ്പണിങ് ബാറ്റര്‍ക്ക് 130-140 എന്ന സ്ട്രൈക്ക്റേറ്റ് മോശമല്ല. മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ 150-160 എന്ന സ്ട്രൈക്ക്റേറ്റില്‍ കളിക്കണം. ഈ ഐപിഎല്‍ സീസണില്‍ 200 സ്ട്രൈക്ക്റേറ്റിന് മുകളില്‍ ഇന്നിങ്സിന്റെ അവസാന ഘട്ടത്തില്‍ ബാറ്റേഴ്സ് കളിക്കുന്നത് നമ്മള്‍ കാണുന്നു', ബ്രയാന്‍ ലാറ പറഞ്ഞു. 

രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് 3 ബാറ്റേഴ്സ് എന്നും ലാറ പറഞ്ഞു. ട്വന്റി20 ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണേഴ്സ് ആവുമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ നന്നായി കളിക്കും. എന്നാല്‍ ഓപ്പണിങ്ങില്‍ ഒരു യുവതാരത്തെ കൊണ്ടുവരുന്നത് പരിഗണിക്കാം എന്നും ലാറ പറഞ്ഞു. 

സീസണില്‍ അഞ്ച് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ 146 എന്നതാണ് കോലിയുടെ സ്ട്രൈക്ക്റേറ്റ്. രാജസ്ഥാന്‍ റോയല്‍സിന് എതിരെ നേടിയ 113 റണ്‍സ് ആണ് സീസണിലെ കോലിയുടെ ഉയര്‍ന്ന സ്കോര്‍. രണ്ട് അര്‍ധ ശതകവും കോലി സീസണില്‍ കണ്ടെത്തി കഴിഞ്ഞു. 

Brian Lara Support Virat Kohli

MORE IN SPORTS
SHOW MORE