നാല് അല്ല; 3 വിദേശ താരങ്ങള്‍; സഞ്ജുവിന്റെ ഇംപാക്ട് പ്ലേയര്‍ തന്ത്രം

hetmyer-sanju
SHARE

എന്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവനില്‍ മൂന്ന് വിദേശതാരങ്ങള്‍ മാത്രം? ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ സാം ബില്ലിങ്സിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. പ്ലേയിങ് ഇലവനില്‍ നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം എന്നിരിക്കെ രാജസ്ഥാന്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു? 

ഇംപാക്ട് പ്ലേയര്‍ റൂള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് രാജസ്ഥാന്റെ തന്ത്രങ്ങള്‍. ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ബട്ട്ലര്‍, ഹെറ്റ്മയര്‍, ബോള്‍ട്ട് എന്നിവരാണ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ വന്ന വിദേശ താരങ്ങള്‍. ഇംപാക്ട് പ്ലേയര്‍ സബ്സ്റ്റിറ്റ്യൂഷന്‍ ലിസ്റ്റില്‍ റോവ്മാന്‍ പവലും ബര്‍ഗറും. ബാറ്റിങ് തകര്‍ച്ച നേരിട്ടാല്‍ പവലിനെ ഇംപാക്ട് പ്ലേയറായി ഇറക്കാം. അതല്ല ബാറ്റിങ് പ്രശ്നങ്ങളില്ലാതെ പോയാല്‍ ബര്‍ഗറെ ആറാം ബോളിങ് ഓപ്ഷനായി ഇറക്കാം. 

ഡല്‍ഹിക്കെതിരെ പവലിനെ ഇറക്കുന്നതിനെ കുറിച്ച് സംഗക്കാരയുമായി സംസാരിച്ചതിനെ കുറിച്ച് സഞ്ജു വെളിപ്പെടുത്തിയത് ഇങ്ങനെ, 'ആദ്യ പത്ത് ഓവറിനുള്ളിലെ കളി നോക്കിയപ്പോള്‍ പവലിനോട് ബാറ്റിങ്ങിന് ഇറങ്ങാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞു. 13-17 ഓവറിന് ഇടയില്‍ പവലിനെ ഇറക്കുന്നത് സംബന്ധിച്ച് ഞാനും സംഗക്കാരയും തമ്മില്‍ അഞ്ചാറ് വട്ടം സംസാരിച്ചു. എന്നാല്‍ 17ാം ഓവറിന് ശേഷം എക്സ്ട്രാ ബൗളറെ കയ്യില്‍ കരുതുന്നതാവും നല്ലത് എന്ന തീരുമാനത്തിലെത്തി, സഞ്ജു പറയുന്നു.

പരാഗിന്റെ 84 റണ്‍സ് ഇന്നിങ്സിന്റെ ബലത്തില്‍ രാജസ്ഥാന്‍ 185 റണ്‍സ് കണ്ടെത്തി. ഹെറ്റ്മയറെ പിന്‍വലിച്ച് ബര്‍ഗറെ ഇംപാക്ട് പ്ലേയറായും കൊണ്ടുവന്നു. ഒരു ലോകോത്തര ഓള്‍റൗണ്ടറുടെ അഭാവം ഈ തന്ത്രത്തിലൂടെ രാജസ്ഥാന്‍ മറികടന്നു. ആറ് സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ എന്ന ഓപ്ഷന്‍ സാധ്യമാക്കുകയും ചെയ്തു. എന്നാല്‍ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഈ തന്ത്രം പ്രയോജനപ്പെടുന്നത്. 

ചെന്നൈ, പഞ്ചാബ്, കൊല്‍ക്കത്ത, ഗുജറാത്ത്, ഹൈദരാബാദ് എന്നീ ടീമുകള്‍ കഴിഞ്ഞ വര്‍ഷത്തെ തന്ത്രം തന്നെയാണ് തുടരുന്നത്. ആദ്യം ബോള്‍ ചെയ്താല്‍ ഒരു ഓള്‍റൗണ്ടര്‍ ഉള്‍പ്പെടെ ആറ് ബോളേഴ്സ് ടീമില്‍. ബാറ്റിങ്ങിന്റെ സമയത്ത് ഒരു സ്പെഷ്യലിസ്റ്റ് ബോളറെ മാറ്റി മറ്റൊരു സ്പെഷ്യലിസ്റ്റ് ബാറ്ററെ കൊണ്ടുവരുന്നു. പഞ്ചാബിന്റെ പ്രാബ്സിമ്രാന്‍, അര്‍ഷ്ദീപ്, ചെന്നൈയുടെ ശിവം ദുബെ, മതീഷ പതിരാന, ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍, മോഹിത് ശര്‍മ എന്നിവരാണ് തുടരെ ഇംപാക്ട് പ്ലേയേഴ്സായി ഇറങ്ങുന്നത്. 

MORE IN SPORTS
SHOW MORE