കോലി ആണെങ്കില്‍ ചെയ്യുമോ?; ഫീല്‍ഡ് തടസപ്പെടുത്തി ജഡേജ; അപ്പീല്‍ പിന്‍വലിച്ച് കമിന്‍സ്

cummins-jadeja
SHARE

308 എന്ന സ്ട്രൈക്ക്റേറ്റില്‍ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചപ്പോള്‍ ധോനിയും കൂട്ടരും തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് വീണു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിച്ചത് ശിവം ദുബെ മാത്രം. ഹൈദരാബാദ് പേസര്‍മാര്‍ക്കെതിരെ ചെന്നൈ വിയര്‍ത്ത് നേടിയ 165 റണ്‍സ് അഭിഷേകിന്റേയും മര്‍ക്രത്തിന്റേയും ബലത്തില്‍ ഹൈദരാബാദ് അനായാസം മറികടന്നു. മല്‍സരത്തിലെ ഹൈദരാബാദ് ക്യാപ്റ്റന്‍ കമിന്‍സിന്റെ ഒരു തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ രവീന്ദ്ര ജഡേജയ്ക്ക് എതിരെ കമിന്‍സ് റണ്‍ഔട്ട് അപ്പീല്‍ നല്‍കാതെ വിട്ടത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. ചെന്നൈയുടെ ഇന്നിങ്സിന്റെ 19ാം ഓവറിലാണ് സംഭവം. ക്രീസ് ലൈനില്‍ നിന്ന് ഇറങ്ങി വന്ന ജഡേജയെ പുറത്താക്കാന്‍ ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും ജഡേജയുടെ ദേഹത്താണ് പന്ത് തട്ടിയത്. 

ഇവിടെ കമിന്‍സ് അപ്പീല്‍ പിന്‍വലിച്ചത് ചൂണ്ടി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫില്‍ നിന്നും ചോദ്യങ്ങള്‍ വന്നു. ധോനി ക്രീസിലേക്ക് വരുന്നത് ഒഴിവാക്കി, പ്രയാസപ്പെടുന്ന ജഡേജയെ തന്നെ ക്രീസില്‍ നിര്‍ത്താന്‍ വേണ്ടി കമിന്‍സില്‍ നിന്ന് വന്ന തന്ത്രപരമായ തീരുമാനമാണോ ഇത് എന്നതാണ് കൈഫിന്റെ ചോദ്യങ്ങളില്‍ ഒന്ന്. ട്വന്റി20 ലോകകപ്പില്‍ കോലിയാണ് ഇതേ സ്ഥാനത്ത് എങ്കില്‍ കമിന്‍സ് അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്നും കൈഫ് ചോദിക്കുന്നു. 

MORE IN SPORTS
SHOW MORE