'പിഴച്ചത് എനിക്കല്ല'; തോല്‍വിയുടെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഗില്‍

പഞ്ചാബ് കിങ്സിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. ഈ സമയം അതുവരെ കളിയില്‍ ഒരോവര്‍ പോലും എറിയാതെ നിന്നിരുന്ന ദര്‍ശന്‍ നല്‍കാണ്ഡെയുടെ കൈകളിലേക്കാണ് ശുഭ്മാന്‍ ഗില്‍ പന്ത് നല്‍കിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തി നല്‍കാണ്ഡേ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഒരു പന്ത് ശേഷിക്കെ പഞ്ചാബ് ജയം പിടിച്ചു.  അവസാന ഓവര്‍ നല്‍കാണ്ഡേയ്ക്ക് നല്‍കിയ ഗില്ലിന്റെ തീരുമാനമാനത്തിനെതിരെ വിമര്‍ശനം ശക്തമായി കഴിഞ്ഞു. എന്നാല്‍ തോല്‍വിക്ക് കാരണം തന്റെ ആ തീരുമാനം അല്ല എന്നാണ് മല്‍സരശേഷം ഗില്ലിന്റെ വാക്കുകള്‍. 

ക്യാച്ചുകള്‍ പലതും നമ്മള്‍ കൈവിട്ടു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ ജയിക്കുക എളുപ്പമല്ല. ബൗളര്‍മാര്‍ മോശമായിരുന്നില്ല. നമ്മള്‍ കണ്ടെത്തിയ ടോട്ടല്‍ കുറവായിരുന്നു എന്ന് ഞാന്‍ പറയില്ല. 200 എന്നത് നല്ല ടോട്ടലാണ്. 15ാം ഓവര്‍ വരെ നമ്മള്‍ ശരിയായ വഴിയിലായിരുന്നു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് സമ്മര്‍ദത്തിലേക്ക് വീഴ്ത്തും, തോല്‍വിയുടെ കാരണം വിശദീകരിച്ച് ശുഭ്മാന്‍ ഗില്‍ പറഞ്ഞു. 

പഞ്ചാബിനെതിരെ ഗില്ലിന്റെ ബാറ്റിങ്

നല്‍കണ്ഡേ ഇതിന് മുന്‍പത്തെ മല്‍സരത്തില്‍ ബോള്‍ ചെയ്ത വിധവും ഈ കളിയില്‍ പ്രതിരോധിക്കേണ്ടത് ഏഴ് റണ്‍സ് ആണെന്നുമിരിക്കെ ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. നമ്മള്‍ കണ്ടിട്ടില്ലാത്ത കളിക്കാര്‍ മുന്‍പോട്ട് വന്ന് ഇതുപോലെ ബാറ്റ് ചെയ്യും. ഐപിഎല്ലിന്റെ ഭംഗിയും അതാണ്, നല്‍കണ്ഡേയ്ക്ക് അവസാന ഓവര്‍ നല്‍കിയതില്‍ തനിക്ക് പിഴച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗില്‍ പറഞ്ഞു. 

പഞ്ചാബ് കിങ്സിന്റെ ഇന്നിങ്സിലെ 11ാം ഓവറില്‍ സിക്കന്ദര്‍ റാസയുടെ ക്യാച്ച് അസ്മതുള്ള ഒമര്‍സായി നഷ്ടപ്പെടുത്തി. 17ാം ഓവറില്‍ അശുതോഷ് ശര്‍മയെ പുറത്താക്കാനുള്ള അവസരം ഉമേഷ് യാദവും നഷ്ടപ്പെടുത്തി. ആ സമയം മൂന്ന് റണ്‍സ് മാത്രം എടുത്ത് നില്‍ക്കുകയായിരുന്നു അശുതോഷ്. ഉമേഷ് യാദവ് ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ 14 പന്തില്‍ നിന്ന് 28 റണ്‍സ് അശുതോഷ് സ്കോര്‍ ചെയ്തു. 200 എന്ന സ്ട്രൈക്ക്റേറ്റില്‍ കളിച്ച അശുതോഷിന് പഞ്ചാബിന്റെ വരുതിയിലേക്ക് കളി എത്തിക്കാനുമായി. 

Shubman gill says dropped catches was the reason