ഷാരൂഖ് ഖാന്‍ സ്റ്റേഡിയത്തില്‍ പുകവലിച്ചോ?; വിഡിയോ, ചര്‍ച്ച

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമയായ ഷാരൂഖ് ഖാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍വെച്ച് പുകവലിച്ചെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു സംഭവം. 2012ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഷാരൂഖ് ഖാന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വിലക്ക് അവസാനിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ കെകെആര്‍ ഉടമയായ ഷാരൂഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ അധികൃതരാരുംസ്ഥിരീകരിച്ചിട്ടില്ല. സ്റ്റേഡിയത്തിലെ വിഐപി ബോക്സിലിരുന്ന ഷാരൂഖിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഷാരൂഖ് ടീം ഉടമയാണെന്നും അതുകൊണ്ട് അദ്ദേഹത്തിനു എന്തുമാവാമെന്ന തരത്തിലുള്ള കമന്റുകളും വിമര്‍ശനങ്ങളും വിഡിയോയ്ക്കു പിന്നാലെ ഉയരുന്നുണ്ട്.  ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ പുകവലി നിരോധിച്ചതാണ്, ഷാരൂഖിന്റെ പ്രവൃത്തി പുതിയ വിലക്കിലേക്ക് എത്തിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 

മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാലുറണ്‍സിനാണ് തോല്‍പിച്ചത് .  അവസാന നാലുപന്തില്‍ ആറുറണ്‍സ് മാത്രം വേണ്ടിയിടത്തുനിന്നാണ് ഹൈദരാബാദ് തോറ്റത്. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ ഇന്നിങ്സ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചിരുന്നു. 

Shah Rukh Khan caught smoking during IPL match in Kolkata