കോലിയെ ഒഴിവാക്കുന്നതിന് പിന്നില്‍ ജെയ്ഷാ; എന്ത് വില കൊടുത്തും തടയുമെന്ന് രോഹിത്

rohit-virat-jayshah
SHARE

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ വിരാട് കോലിയെ എന്ത് വിലകൊടുത്തും ഉള്‍പ്പെടുത്തണമെന്ന് രോഹിത് ശര്‍മ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും 1983 ലോകകപ്പ് വിന്നിങ് ടീം അംഗവുമായ കിര്‍തി ആസാദാണ് ഇക്കാര്യം പങ്കുവെച്ചത്. വിരാട് കോലിയെ തഴയാനുള്ള തീരുമാനത്തിന് പിന്നാല്‍ ജെയ്ഷാ എന്നാണ് കീര്‍തി ആസാദിന്‍റെ കുറിപ്പില്‍ പറയുന്നത്. 

'സെലക്ടറല്ലാത്ത ജെയ്ഷാ എന്തിനാണ് ഇക്കാര്യങ്ങളില്‍ ഇടപെടുന്നത്. വിരാട് കോലി ടീമില്‍ വേണ്ട എന്ന തീരുമാനം മറ്റു സെലക്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ അജിത് അഗാര്‍ക്കറെയാണ് ജെയ്ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 15 വരെ സമയവും നല്‍കിയിട്ടുണ്ട്' എന്നാണ് കീര്‍തി ആസാദിന്‍റെ പോസ്റ്റ്. അജിത് അഗാര്‍ക്കറിന് ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കീര്‍തി പറയുന്നു. 

ഇക്കാര്യം ജെയ്ഷാ രോഹിത് ശര്‍മയോടും ആവശ്യപ്പെട്ടപ്പോഴാണ് എന്തുവില കൊടുത്തും കോലി ടീമില്‍ വേണമെന്ന് രോഹിത് മറുപടി കൊടുത്തതെന്നും കീര്‍തി ആസാദിന്‍റെ കുറിപ്പിലുണ്ട്. ' വിരാട് കോലി എന്തായാലും ടി20 ലോകകപ്പ് കളിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ബുദ്ധിശൂന്യന്‍മാര്‍ എന്തിനാണ് ടീം സെലക്ഷനില്‍ ഇടപെടുന്നത്' എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

വിരാട് കോലി ടി20 ലോകകപ്പ് ടീമിലുണ്ടാകില്ലെന്ന വാര്‍ത്ത ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ പ്രകടനം മികച്ചതല്ലെന്നതാണ് ഇതിന് ബി.സി.സി.ഐ. കണ്ടെത്തിയ കാരണം എന്നായിരുന്നു റിപ്പോര്‍ട്ട്.  ഐപിഎല്‍ മല്‍സരങ്ങള്‍ അവസാനിച്ച ശേഷം ജൂണ്‍ രണ്ട് മുതലാണ് ടി20 ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. യുഎസ്എയിലും വെസ്റ്റ്ഇന്‍ഡീസിലുമായാണ് മല്‍സരങ്ങള്‍.

former indian cricketer says Jay shah behind the possible ommission of kohli from wc squad

MORE IN SPORTS
SHOW MORE