'വേരിയേഷനു'കളുടെ മൂര്‍ച്ചയും വേറിട്ട ചിന്തകളുടെ കരുത്തും; നൂറഴകില്‍ അശ്വിന്‍

ANI_20240205035
SHARE

2023ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്‍റെ സമയം. സന്നാഹ മല്‍സരം വേണ്ടെന്ന് വെച്ച് ഇന്ത്യന്‍ യുവ താരം മഹേഷ് പിതിയയെ ഓസീസ് പരിശീലന ക്യാംപിലേക്ക് വിളിപ്പിച്ചു. ലക്ഷ്യം ഒന്നുമാത്രം. അശ്വിനെ അതിജീവിക്കണം. അശ്വിന്റെ ബോളിങുമായി സാമ്യമുള്ള ഓഫ് സ്പിന്നര്‍ മഹേഷ് പിതിയയെ നെറ്റ്സില്‍ നേരിട്ടായിരുന്നു ഓസ്ട്രേലിയയുടെ കഠിന പരിശീലനം. ഇത് കണ്ട് ഓസ്ട്രേലിയയെ പരിഹസിച്ച് വസീം ജാഫര്‍ പറഞ്ഞതിങ്ങനെ, 'ഓസ്ട്രേലിയയുടെ തല നിറയെ അശ്വിന്‍ മാത്രം..' 100ാം ടെസ്റ്റ് നേട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അതിശയിപ്പിക്കുന്ന കാരംബോളുകളും ഓഫ് സ്പിന്‍ വേരിയേഷനുകളുമെല്ലാമായി അശ്വിന്‍ ഇങ്ങനെ എതിര്‍ ടീം അംഗങ്ങളുടെ ദുഃസ്വപ്നമായത് പലവട്ടം. 

ashwin-test
നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് ഗാര്‍ഡ് ഓഫ് ഓണറുമായി സഹതാരങ്ങള്‍

എതിര്‍ ടീം അശ്വിനെ തളയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ അശ്വിനും ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. അശ്വിന്‍റെ തയ്യാറെടുപ്പുകളിലുമുണ്ട് വ്യത്യസ്തത. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് സ്മിത്ത്, ലാബുഷെയ്ന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ അശ്വിന്‍ നിരീക്ഷിച്ചത് ഒന്നും രണ്ടും ആഴ്ചയല്ല. അശ്വിന്‍റെ വാക്കുകളിങ്ങനെ  'ആറ് മാസത്തോളമാണ് സ്റ്റീവ് സ്മിത്തിനെ ഞാന്‍ വിടാതെ പിന്തുടര്‍ന്നത്. ഇന്ത്യക്ക് മുന്‍പ് ന്യൂസീലാന്‍ഡിന് എതിരെയാണ് അവര്‍ കളിച്ചത്. ഓരോ ദിവസത്തേയും കളി ഞാന്‍ നിരീക്ഷിച്ചു. സ്മിത്തിന്റെ ബാറ്റിങില്‍ കയ്യുടെ ചലനമാണ് പ്രധാനം. അതിനെ അസ്വസ്ഥപ്പെടുത്തുക എന്നതായിരുന്നു തന്ത്രം. സ്മിത്തിനെതിരെ വ്യത്യസ്ത വേഗതയിലും വ്യത്യസ്ത റണ്‍ അപ്പുകളോടെയുമാണ്  നേരിട്ടത്‌‌'.

ബിര്‍മിങ്ഹാമിലെ സ്പെഷല്‍ സ്പെല്‍

അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ തുടങ്ങിയത്. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഡക്കായെന്ന നാണക്കേടും അശ്വിന്‍റെ പേരിലുണ്ട്. 2018ലെ ബിര്‍മിങ്ഹാം ടെസ്റ്റില്‍ 31 റണ്‍സ് തോല്‍വിയിലേക്ക് ഇന്ത്യ വീണെങ്കിലും അശ്വിന്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റായിരുന്നു. ഒന്നാം ഇന്നിങ്സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും. തന്‍റെ ഏറ്റവും മികച്ച സ്പെല്ലുകളിലേക്ക് അശ്വിന്‍ ആദ്യം ചേര്‍ത്തു വയ്ക്കുന്നതും ബിര്‍മിങ്ഹാമിലെ ഈ പ്രകടനമാണ്. കുക്ക്, റൂട്ട്, ജെന്നിങ്സണ്‍ എന്നിവരുടെ വിക്കറ്റാണ് മോണിങ് സ്പെല്ലില്‍ തന്നെ ലഭിച്ചത്. ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയാണ് ഞാനെന്ന് കരുതി, എന്നാല്‍ അതിനായില്ലെന്ന് അശ്വിന്‍ തുറന്ന് പറയുന്നു.

birmingham-test
2018ലെ ബിര്‍മിങ്ഹാം ടെസ്റ്റിലെ അശ്വിന്‍

2016ല്‍ ന്യൂസിലന്‍ഡിനെതിരെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ 59 റണ്‍സ് വഴങ്ങി അശ്വിന്‍ ഒരിന്നിങ്സില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റ്. അശ്വിന്‍റെ കരിയറിലെ ഒരു ഇന്നിങ്സിലെ ഏറ്റവും മികച്ച പ്രകടനം ഇതാണ്. രണ്ട് ഇന്നിങ്സിലുമായി അശ്വിന്‍ നേ‌ടിയത് 13 വിക്കറ്റ്, ടെസ്റ്റ് കരിയറിലെ അശ്വിന്‍റെ ഏറ്റവും മികച്ച ഫിഗര്‍. 2023ലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ ആതിഥേയരുടെ 20 വിക്കറ്റുകള്‍ വീണപ്പോള്‍ അതില്‍ 12 വിക്കറ്റും സ്വന്തമാക്കിയത് അശ്വിനാണ്. വിദേശ മണ്ണില്‍ ഒരു ഇന്ത്യന്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനം. ഇന്ത്യന്‍ മണ്ണില്‍ കളിച്ച 59 ടെസ്റ്റില്‍ നിന്ന് 354 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. സേന രാജ്യങ്ങളില്‍(SENA) കളിച്ച 25 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. ഇവിടെ അശ്വിന്‍റെ മികച്ച ഫിഗര്‍ 7-121. ടെസ്റ്റില്‍ അശ്വിന്‍ വീഴ്ത്തിയ 507 വിക്കറ്റുകളില്‍ 252 ഇരകളും ഇടംകയ്യന്മാരായിരുന്നു എന്നതും പ്രത്യേകതയാണ്. 

sydney-yesy
2017ലെ ചിന്നസ്വാമി ടെസ്റ്റിലെ വിക്കറ്റ് ആഘോഷിക്കുന്ന അശ്വിന്‍

സിഡ്നിയിലെ ഐതിഹാസിക ചെറുത്ത് നില്‍പ്പ്

ബാറ്റുകൊണ്ടും പലവട്ടം അശ്വിന്‍ ടീമിനെ തുണച്ചു. 2021 സിഡ്നി ടെസ്റ്റിലെ ആ ഐതിഹാസിക ചെറുത്ത് നില്‍പ്പ് ക്രിക്കറ്റ് ലോകത്തിന്റെ മനസില്‍ എന്നുമുണ്ടാവും. 128 പന്തുകളാണ് അശ്വിന്‍ അന്ന് നേരിട്ടത്. ഓസീസ് ബോളിങ് ആക്രമണത്തെ ഹനുമാ വിഹാരിക്കൊപ്പം നിന്ന് ചെറുത്ത് തോല്‍പ്പിച്ച് പിടിച്ചെടുത്തത് സമനില. 2022ല്‍ ബംഗ്ലദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 145 റണ്‍സ്.  74-7ലേക്ക് ഇന്ത്യയെ ബംഗ്ലാദേശ് തകര്‍ത്തിട്ടു. ശ്രേയസ് അയ്യറിനൊപ്പം പിടിച്ച് നിന്നാണ് അശ്വിന്‍ ബാറ്റുകൊണ്ട് ടീമിന്‍റെ രക്ഷകനായത്. 

ashwin-vihar-2
വിഹാരിക്കൊപ്പം നിന്ന് സിഡ്നി ടെസ്റ്റ് സമനിലയിലാക്കി അശ്വിന്‍

അശ്വിന്‍റെ അഞ്ച് ടെസ്റ്റ് സെഞ്ചറികളില്‍ നാലും പിറന്നത് വിന്‍ഡീസിന് എതിരെയാണ്. അതില്‍ എടുത്ത് പറയേണ്ടത് 2016ലെ സെന്‍റ് ലൂസിയയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നേടിയ സെഞ്ചറിയാണ്. 87-4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങിയ സമയം ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു അശ്വിന്‍. 297 ഡെലിവറികള്‍ നേരിട്ട് കരുതലോടെ കളിച്ച അശ്വിന്‍ 118 റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ ബാറ്റില്‍ നിന്ന് വന്നത് ആറ് ഫോറുകള്‍ മാത്രം. 

2021ല്‍ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ പതറിയ സമയവും ബാറ്റുകൊണ്ട് അശ്വിന്‍ കരുത്തു കാണിച്ചു. കോലിക്കൊപ്പം കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അശ്വിന്‍ മിന്നും സെഞ്ചറിയാണ് നേടിയത്.134 പന്തില്‍ നിന്നായിരുന്നു അശ്വിന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചറി. സെഞ്ചറിക്കൊപ്പം 8 വിക്കറ്റും രണ്ട് ഇന്നിങ്സിലുമായി അശ്വിന്‍ നേടി

 ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച 313 താരങ്ങളില്‍ നൂറ് ടെസ്റ്റ് എന്ന നേട്ടം സ്വന്തമാക്കുന്ന 14ാമത്തെ താരമാവുകയാണ് അശ്വിന്‍.  ആ നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2018ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി അശ്വിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ടീമിനെ ഒരുപാട് കളികളില്‍ ജയിപ്പിച്ചിട്ടും വേണ്ടത്ര പിന്തുണ തനിക്ക് ലഭിക്കുന്നതായി തോന്നിയില്ല എന്ന് തുറന്നടിക്കാനും അശ്വിന്‍ മടിച്ചിട്ടില്ല.

'മഹാനായ ബോളറായി ഉയരാനുള്ള സാധ്യത അശ്വിന് മുന്‍പിലുണ്ട്. അശ്വിന്‍ അല്ലാതെ മറ്റൊരു യുവ ബൗളര്‍ 800 വിക്കറ്റ് നേട്ടത്തിലേക്ക് എത്തുമെന്ന് ഞാന്‍ കരുതുന്നില്ല',  അശ്വിന് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തം.

R Ashwin playing his 100th test at Dharamshala

MORE IN SPORTS
SHOW MORE