അര്‍ജന്റീനയുടെ 'പന്ത്രണ്ടാമന്‍' വിടപറഞ്ഞു; കാര്‍ലോസ് ടൂല അന്തരിച്ചു

Photo : AFP

ആല്‍ബിസെലസ്റ്റുകള്‍ക്കായി ആരവം ഉയര്‍ത്താന്‍ എത്തിയത് 13 ലോകകപ്പുകളില്‍. 1974ലെ ജര്‍മന്‍ ലോകകപ്പ് മുതല്‍ 2023ലെ ഖത്തര്‍ ലോകകപ്പ് വരെ. തന്റെ പ്രിയപ്പെട്ട ടീമിനൊപ്പം ഡ്രമ്മുമായി ലോകം ചുറ്റിയ അര്‍ജന്റീനയുടെ ഏറ്റവും വലിയ ആരാധകന്‍ വിടപറഞ്ഞു. അര്‍ജന്റീനയുടെ പന്ത്രണ്ടാമന്‍ 83കാരനായ കാര്‍ലോസ് ടൂല അന്തരിച്ചു.

അര്‍ജന്റൈന്‍ പ്രസിഡന്റ് ജുവാന്‍ പെറോണ്‍ നല്‍കിയ ഡ്രമ്മുമായാണ് തന്റെ ടീമിനായി ആരവം ഉയര്‍ത്താന്‍ ടൂല ലോകം മുഴുവന്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം ഫിഫയുടെ ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം അര്‍ജന്റൈന്‍ ഫാന്‍സിന് വേണ്ടി ഏറ്റുവാങ്ങിയതും ടൂലയാണ്. 

1940ല്‍ അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ടൂലയുടെ ജനനം. അര്‍ജന്റീനയുടെ പന്ത്രണ്ടാമന്‍ എന്നാണ് ടൂലയെ പരിശീലകന്‍ സ്കലോനി വിശേഷിപ്പിച്ചത്. ഞാന്‍ എല്ലായിടത്തും ഉണ്ടായി. പാവപ്പെട്ടൊരാളാണ് ഞാന്‍. പക്ഷേ ഈ ലോകം മുഴുവന്‍ ഞാന്‍ സഞ്ചരിച്ചു. അര്‍ജന്റീനയെ പ്രതിനിധീകരിച്ച് എത്തുന്ന ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍, ഫിഫ പുരസ്കാരം വാങ്ങി ടൂലയില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ.

Argentina's most famous football fan Tula died