അര്‍ജന്‍റീന ഫുട്ബോള്‍ ലോകം കീഴടക്കിയിട്ട് ഇന്ന് ഒരു വര്‍ഷം

argentina
SHARE

അര്‍ജന്‍റീന ഫുട്ബോള്‍ ലോകം കീഴടക്കിയിട്ട് ഇന്ന് ഒരു വര്‍ഷം. ല‌യണല്‍ മെസിയെന്ന ഫുട്ബോള്‍ ഇതിഹാസം പൂര്‍ണതയിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു. 36 വര്‍ഷത്തിനു ശേഷമാണ് അര്‍ജന്‍റീന  മൂന്നാം ലോകകിരീടം നേടിയത്. 

ഇപ്പോഴിലെങ്കില്‍ ഇനിയില്ല എന്ന തിരിച്ചറിവില്‍ ഖത്തറിലെത്തിയ അര്‍ജന്‍റീനയുടെ തുടക്കം ഞെട്ട‌ലോടെയായിരുന്നു. ആദ്യമല്‍സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി. പിന്നീട് കണ്ടത് അര്‍ജന്‍റീനയുടെ അ‌വിശ്വസനീയവും ഉജ്ജ്വലവുമായ ജൈത്രയാത്ര. ഗ്രൂപ്പില്‍ മെക്സിക്കോയെയും പോളണ്ടിനെയും മറികടന്ന മെസിപ്പട ഓസ്ട്രേലിയയെയും നെതര്‍ലന്‍ഡ്സിനെയും പരാജയപ്പെടുത്തി സെമിയിലെത്തി.  2018ല്‍ തങ്ങളെ വീഴ്ത്തിയ ക്രൊയേഷ്യയോട് പകരം വീട്ടി മെസിയും സംഘവും ഫൈനലില്‍. ഫ്രാന്‍‌സിനെതിരായ കലാശപ്പോരില്‍ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ നേടി വിജയമുറപ്പിച്ച അര്‍ജന്‍റീനയെ അവസാന പത്ത് മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകള്‍ ഞെട്ടിച്ചു. ഒടുവില്‍ ഉദ്വേഗജനകമായ ഷൂട്ടൗട്ടില്‍ എമിലിയാമോ മാര്‍ട്ടിനസിന്‍റെ മാസ്മകരിക സേവുകളില്‍ ലോകകപ്പില്‍ മുത്തമിട്ട് മെസി. ആദ്യമല്‍സരം തൊട്ടുതന്നെ ഗോളടിച്ചും ഗോളടിപ്പിച്ചും ശരിക്കും നായകനായിരുന്നു ലയണല്‍ മെസി. 

യുവതാരങ്ങളായ അല്‍വാരസും എന്‍സോ ഫെര്‍ണാണ്ടസും മെസിയുടെ കുതിപ്പിന് കരുത്തേകി.  ഫൈനലില്‍ ഗോള്‍ നേടി എന്നും മെസിയുടെ മാലാഖയായ ഡി മരിയയും. 

MORE IN SPORTS
SHOW MORE