ക്രിസ്റ്റ്യാനോയും മെസിയും ഇനി എന്ന് നേര്‍ക്കുനേര്‍? 2024ല്‍ സ്വപ്ന പോരാട്ടം വന്നേക്കും

മെസിയും ക്രിസ്റ്റ്യാനോയും ഇനി എന്നാണ് കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരിക? ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചോദ്യമാണ് അത്. 2024 മാര്‍ച്ചിലെ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ അര്‍ജന്റീന–പോര്‍ച്ചുഗല്‍ മത്സരം വന്നേക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ക്രിസ്റ്റ്യാനോയ സൗദി ലീഗിലേക്കും മെസി എംഎല്‍എസിലേക്കും ചേക്കേറിയതോടെ രണ്ട് ഇതിഹാസങ്ങളും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുന്ന നിമിഷങ്ങള്‍ ആരാധകര്‍ക്ക് നഷ്ടമായി. എന്നാല്‍ 2024 മാര്‍ച്ചില്‍ പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് എന്നീ ടീമുകളിലൊന്നുമായി അര്‍ജന്റീന കളിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഇവിടെ പോര്‍ച്ചുഗലിനെതിരെ കളിക്കാനാണ് അര്‍ജന്റീന തീരുമാനിക്കുന്നതെങ്കില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകും. 

യുവേഫ ടീമുകളുമായി കോപ്പ ഇന്റര്‍ഫെഡെറേസിയന്‍സ് എന്ന പേരില്‍ ടൂര്‍ണമെന്റിന് കോണ്‍മെബോള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ കോണ്‍മെബോളിലെ ടീമുകള്‍ യൂറോപ്യന്‍ ടീമുകളുമായി ഏറ്റുമുട്ടും. ഇതും അര്‍ജന്റീന–പോര്‍ച്ചുഗല്‍ പോര് വരാനുള്ള സാധ്യത കൂട്ടുന്നു. 2024 മാര്‍ച്ചിലെ സൗഹൃദ മത്സരങ്ങള്‍ സംബന്ധിച്ച് അര്‍ജന്റീന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നവംബര്‍ 9ന് മത്സര ക്രമങ്ങള്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.