റോളര്‍ ഷൂവില്‍ കറങ്ങിത്തിരിഞ്ഞ് കേരളത്തിന് കിരീടം; ചാംപ്യന്‍ഷിപ്പില്‍ തമിഴ്നാടിനെ തോല്‍പ്പിച്ചു

കൊല്ലത്ത് നടന്ന സൗത്ത് ഇന്ത്യ റോള്‍ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ജയം. രണ്ട് വിഭാഗങ്ങളിലും തമിഴ്നാടിനെയാണ് തോല്‍പ്പിച്ചത്. അഞ്ചുവര്‍ഷം മുന്‍പാണ് റോള്‍ ബോള്‍ കളിക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. അതിവേഗത്തില്‍ സൂക്ഷ്മതയോടെ റോളര്‍ ഷൂവില്‍ കറങ്ങിത്തിരിഞ്ഞുളള പോരാട്ടമാണിത്. സൗത്ത് ഇന്ത്യ റോള്‍ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തമിഴ്നാടും കേരളവും തമ്മിലായിരുന്നു വാശിയേറിയ ഫൈനല്‍ മല്‍സരം. പന്ത്രണ്ടുവയസില്‍ താഴെയുളളവരുടെ മല്‍സരത്തില്‍ ഇരു വിഭാഗത്തിലും കേരളം തമിഴ്നാടിനെ തോല്‍പ്പിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിദേവ് എസ്. അരുണിന്റെ ഗോൾഡൻ ഗോളിലൂടെയായിരുന്നു കേരളം വിജയം കണ്ടത്. 14 മിനിറ്റ് ഗെയിം സമനിലയിൽ അവസാനിച്ചതോടെ 5 മിനിറ്റ് എക്സ്ട്രാ ടൈമും കളിച്ചു. 

അതിലും വിജയിയെ നിശ്ചിയിക്കാൻ കഴിയാഞ്ഞതിനാല്‍ ഗോൾഡൻ ഗോളിലേക്കു കടന്നു. പെൺകുട്ടികളുടെ വിഭാഗത്തില്‍ 6–0 നാണ് കേരളത്തിന്റെ തിളക്കമാര്‍ന്ന വിജയം. െഎസ് ഹോക്കി കഴിഞ്ഞാല്‍ അതിവേഗത്തിലുളള കായികഇനമാണ് റോള്‍ ബോള്‍. അടിസ്ഥാന യോഗ്യത സ്കേറ്റിങ് ആണെങ്കിലും നന്നായി തിരിയാനും കറങ്ങാനും അതിവേഗത്തിലുളള പാച്ചിലിനിടെ പെട്ടെന്ന് നില്‍ക്കാനുമുളള കഴിവാണ് കളിയെ മനോഹരമാക്കുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, കർണാടക എന്നീ ടീമുകളും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.  

Kerala wins the Roll Ball championship