എവര്‍ട്ടന്‍ പരിശീലക സ്ഥാനത്തേയ്ക്ക് മാര്‍സെലൊ ബീല്‍സയെയും വെയിന്‍ റൂണിയെയും പരിഗണിക്കുന്നു

ഫ്രാങ്ക് ലംപാര്‍ഡിനെ പുറത്താക്കിയ എവര്‍ട്ടന്‍, പരിശീലക സ്ഥാനത്തേയ്ക്ക് മാര്‍സെലൊ ബീല്‍സയെയും വെയിന്‍ റൂണിയെയും പരിഗണിക്കുന്നു. എന്നാല്‍ ക്ലബ് ഡയറക്ടര്‍ ബോര്‍ഡ്  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ആരാധകര്‍.  ‌

2016ന് ശേഷം എവര്‍ട്ടനില്‍ നിന്ന് പടിയിറങ്ങുന്ന ആറാം പരിശീലകനാണ് ഫ്രാങ്ക് ലംപാര്‍ഡ്. കഴിഞ്ഞ വര്‍ഷം ജനുവരി 31ന് ഗൂഡിസന്‍ പാര്‍ക്കിലെത്തിയ ലംപാര്‍ഡിന് ടീമിനെ മുന്നോട്ട്നയിക്കാനായില്ല. കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തല്‍ ഒഴിവായിക്കിട്ടിയെന്നത് മാത്രമാണ് ആശ്വസിക്കാനുണ്ടായത്. ഇക്കുറിയും തുടര്‍തോല്‍വികള്‍ ശീലമായതോടെ ലംപാര്‍ഡിന് പുറത്തേയ്ക്ക് വഴി തെളിയുകയായിരുന്നു. പകരം പരിശീലകനില്‍ നിന്ന് അഭ്ദുതങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. 

സതാംപ്റ്റനെതിരായ മല്‍സരത്തിനിടെ എവര്‍ട്ടന്‍ മാനേജ്മെന്റിനെതിരെ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് രാജിവച്ചൊഴിയണമെന്ന ബാനറുകള്‍ മല്‍സരത്തിനിടെ ഉയര്‍ത്തി. ലീഡ്സ് യുണൈറ്റഡിനെ പ്രീമിയര്‍ ലീഗിലേയ്ക്കെതിത്തിച്ച മാര്‍സെലോ ബീല്‍സയാണ് സാധ്യതകളില്‍  മുന്നിലുള്ളത്. എന്നാല്‍ സീസണ്‍ മധ്യത്തില്‍ തരംതാഴ്ത്തല്‍ മേഖലയിലുള്ള ടീമിന്റെ ചുമതലയേറ്റെടുക്കാന്‍ ബീല്‍സ തയ്യാറാകുമോയെന്നതാണ് സംശയം. 

എവര്‍ട്ടന്‍ അക്കാദമിയിലൂടെ വളര്‍ന്ന വെയിന്‍ റൂണിക്ക് ക്ലബിനോടുള്ള ആത്മബന്ധവും മാനേജ്മെന്റ് പരിഗണിക്കുന്നു. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ DC യുണൈറ്റഡ് പരിശീലകനാണ് റൂണി. മുന്‍ ബേണ്‍ലി പരിശീലന്‍ ഷോണ്‍ ഡെയ്ഷിനാണ് ആരാധകരുടെ പിന്തുണ. മാനേജ്മെന്റിനെതിരെ ഇടഞ്ഞുനില്‍ക്കുന്ന ആരാധകരെ കൂടി തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഡെയ്ഷിന് സാധ്യതയേറും. 

Everton considering Marcelo Bielsa and Wayne Rooney