ഗോളടിച്ചുകൂട്ടി ഗാക്പോ; സ്വന്തമാക്കാൻ മൽസരിച്ച് ക്ലബ്ബുകൾ

cody-01
SHARE

ഖത്തര്‍ ലോകകപ്പില്‍ ഗോളടിച്ചുകൂട്ടുന്ന ഡച്ച് താരം കോഡി ഗാക്്പോയെ സ്വന്തമാക്കാനുള്ള മല്‍സരത്തിലാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇതില്‍ മുന്നില്‍. ഇടവേളയ്ക്ക് ശേഷം നെതര്‍ലന്‍ഡ്സിന് ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത് കോഡി ഗാക്പോയുടെ ഗോളുകളാണ്. 

ഐന്തോവനിലെ ഫിലിപ്പ് സ്റ്റേഡിയത്തില്‍ കളി നോക്കിയിരുന്ന പയ്യനാണ് ലോകകപ്പ് വേദിയില്‍ തരംഗമാകുന്നത്. ഖത്തറില്‍ ആദ്യ ലോകകപ്പിനെത്തിയ 23കാരന്‍ കോഡി ഗാക്പോ, ആദ്യ മൂന്ന് മല്‍സരത്തിലും ഗോള്‍ നേടി. ലോകകപ്പില്‍ ആദ്യമൂന്ന് മല്‍സരത്തിലും ഗോളടിക്കുന്ന ആദ്യ ഡച്ചുതാരമാണ് കോഡി ഗാക്പോ. ഇടത്,വലത് കാല്‍ ഷോട്ടുകളിലൂടെയും ഹെഡറിലൂടെയുമാണ് ഗാക്പോ ഖത്തറില്‍ ഗോള്‍ നേടിയത്. വേഗവും വെട്ടിയൊഴിഞ്ഞ് മുന്നേറാനുള്ള കഴിവുമാണ് ഗാക്പോയെ അപകടകാരിയാക്കുന്നത്. ഇടതുവിങ്ങിലാണ് പതിവായി കാണാറുള്ളതെങ്കിലും ഗാക്പോ എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിന്റെ മധ്യഭാഗത്തേക്ക് എത്തും. ഫിനിഷിങ്ങില്‍ ആര്യന്‍ റോബനെയും നീക്കങ്ങളില്‍ റൊണാള്‍ഡീഞ്ഞോയെയും അനുസ്മരിപ്പിക്കുന്നു ഈ ആറടി നാലിഞ്ചുകാരന്‍. 

ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് ഫുട്ബോള്‍ താരമായിരുന്ന പിതാവ് ജോണി ആണ്.  പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്നുള്ള ജോണി , നെതര്‍ലന്‍ഡ്സുകാരിയെ വിവാഹം കഴിച്ചതോടെയാണ് നെതര്‍ലന്‍ഡ്സിലെ ഐന്തോവനിലെത്തിയത്.  ഐന്തോവനിലെ പ്രശസ്ത ക്ലബ്ബ് പി.എസ്.വിയുടെ അക്കാദമിയിലൂടെയാണ് കോഡി ഗാക്പോ ഫുട്ബോളിലെ സ്കില്ലുകള്‍ തേച്ചുമിനുക്കിയെടുത്തത്. ലോകകപ്പില്‍ മൂന്നുഗോള്‍ അടിച്ചതോടെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ആര്‍സനല്‍, ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ കോഡ‍ിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അയാക്സില്‍ നിന്ന് മാഞ്ച്സ്റ്റര്‍ യുണൈറ്റഡിന്റെ ആശാനായി എത്തിയ എറിക് ടെന്‍ ഹാഗ് ഇതിനകം കോ‍ഡിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ജനുവരിയിലെ താരകൈമാറ്റ ജാലകം തുറക്കുമ്പോള്‍ ഏതുജാലകത്തിലുടെ കോ‍ഡി പ്രീമിയര്‍ ലീഗിലെത്തുമെന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്

MORE IN SPORTS
SHOW MORE