ഏകദിന പരമ്പര; ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകുവാൻ സഞ്ജു സാംസൺ; പുതിയ ദൗത്യം?

sanju-samson-vice-captain
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാകുമെന്നു വിവരം. ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കേണ്ട ഏകദിന പോരാട്ടങ്ങൾക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാകും ഇന്ത്യൻ‌ ടീം പ്രഖ്യാപിക്കുക. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം.

ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിൽ 27 വയസ്സുകാരനായ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിച്ച സഞ്ജു 3–0ന് പരമ്പര സ്വന്തമാക്കിയിരുന്നു. 29, 37, 54 എന്നിങ്ങനെയാണ് ന്യൂസീലൻഡ് എ ടീമിനെതിരെ സഞ്ജു നേടിയ സ്കോറുകൾ.

ഒക്ടോബർ ആറിന് റാഞ്ചിയിലാണ് ആദ്യ ഏകദിന മത്സരം. രണ്ടാം മത്സരം റാ‍ഞ്ചിയിൽ‌തന്നെ ഒക്ടോബർ ഒൻപതിനും മൂന്നാം മത്സരം ഡൽഹിയിൽ 11നും നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടെംബ ബാവുമ നയിക്കുന്ന ടീമിൽ ദക്ഷിണാഫ്രിക്കയുടെ പ്രമുഖതാരങ്ങളെല്ലാം കളിക്കുന്നുണ്ട്.

English Summary: Sanju Samson Set to Be Named India Vice Captain for South Africa ODIs-Report

MORE IN SPORTS
SHOW MORE