ബാബര്‍ അസമിനെ പിന്തള്ളി സൂര്യകുമാര്‍ യാദവ്; റാങ്കിങ്ങില്‍ മുന്നേറ്റം

suryakumar-yadav
SHARE

ട്വന്റി ട്വന്റി ബാറ്റിങ് റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി സൂര്യകുമാര്‍ യാദവിന്റെ മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് സൂര്യകുമാര്‍. ഹാര്‍ദിക് പാണ്ഡ്യ 22 സ്ഥാനം കയറി 65ാം റാങ്കിലെത്തി. ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡാണ് ബോളര്‍മാരില്‍ ഒന്നാമന്‍. ട്വന്റി ട്വന്റി ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുമ്പോഴാണ് സ്ഥിരതയാര്‍ന്ന പ്രകടനവുമായി സൂര്യകുമാര്‍ യാദവിന്റെ മുന്നേറ്റം. 

ഓസീസിനെതിരായ മൊഹാലി ട്വന്റി ട്വന്റിയിലെ 25 പന്തിലെ 46 റണ്‍സും കുതിപ്പിന് കരുത്തായി. ഒന്നാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്വാനെക്കാള്‍ 45 റേറ്റിങ് പോയിന്റ് മാത്രം പിന്നിലാണ് സൂര്യകുമാര്‍. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. സൂര്യകുമാര്‍ മൂന്നാമതെത്തിയപ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ 800 റേറ്റിങ് പോയിന്റ് കടന്ന് റാങ്കിങ്ങില്‍ രണ്ടാമതെത്തിയതാണ് സൂര്യകുമാര്‍ യാദവിന്റെ മികച്ച നേട്ടം. 

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി ട്വന്റിയില്‍ 30 പന്തില്‍ നേടിയ 71 റണ്‍സ്, ഹാര്‍ദിക് പാണ്ഡ്യയെ  22 സ്ഥാനം കയറി 65ാമത് എത്തിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ  പതിനാലും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി 16ഉം സ്ഥാനങ്ങളിലാണ്.  ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ബോളര്‍മാരിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒന്‍പതാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ബോളര്‍മാരില്‍ ആദ്യപത്തിലെ ഏക ഇന്ത്യന്‍താരം. അക്സര്‍ പട്ടേല്‍ 24 സ്ഥാനം മെച്ചപ്പെടുത്തി 33ാം റാങ്കിലെത്തി.

MORE IN SPORTS
SHOW MORE