ഫോര്‍മുല വണ്‍ ബെല്‍ജിയം ഗ്രാന്‍പ്രീ; വെര്‍സ്റ്റാപ്പന്‍ ജേതാവ്

14-ാം സ്ഥാനത്ത് മല്‍സരം തുടങ്ങിയ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ ഫോര്‍മുല വണ്‍ ബെല്‍ജിയം ഗ്രാന്‍പ്രീ ജേതാവ്. സീസണില്‍ ഒന്‍പതാം ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള വെര്‍സ്റ്റാപ്പന്റെ ലീഡ് 93 പോയിന്റായി. കാര്‍ അപകടത്തില്‍പെട്ടതോടെ മുന്‍ ചാംപ്യന്‍ ലൂയിസ് ഹാമിള്‍ട്ടന്‍ ആദ്യ ലാപ്പില്‍ തന്നെ പുറത്തായി.

പിന്നില്‍ നിന്ന് കുതിച്ചുകയറി എതിരാളികളെ ബഹുദൂരം പിന്നിലായി മാക്സ് വെര്‍സ്റ്റാപ്പന്‍. ലീഡെടുത്ത ലാപ്പുമുതല്‍ വെല്ലുവിളികളില്ലാതെ  കുതിപ്പ്. സഹതാരം സെര്‍ജിയോ പെരസ് രണ്ടാം സ്ഥാനം നേടിയതോടെ കണ്‍സ്ട്രക്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ഫെരാറിക്കെതിരെ ലീഡുയര്‍ത്തി റെഡ് ബുള്‍. പോള്‍ പൊസിഷനില്‍ മല്‍സരം തുടങ്ങിയ ഫെരാരിയുടെ കാര്‍ലോസ്  സെയിന്‍സ്  മെഴ്സീഡീസിന്റെ ജോര്‍ജ് റസിലന്റെ കനത്തവെല്ലുവിളി അതിജീവിച്ചാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 

ആദ്യ ലാപ്പില്‍ തന്നെ ഫെര്‍ണാണ്ടോ അലോണ്‍സോയുടെ കാറിലിടിച്ച് ലൂയിസ് ഹാമിള്‍ട്ടന്‍ പുറത്തേയ്ക്ക്. വേഗമേറിയ ലാപ്പിനുള്ള പോയിന്റ് നേടാന്‍ സോഫ്റ്റ് ടയറിലേയ്ക്ക് മാറിയ ഫെറാറിയുടെ ഷാല്‍ ലെക്ലെയറിന് പിറ്റ് സ്റ്റോപ്പിലെ വേഗക്കൂടുതലിന് അഞ്ചുസെക്കന്‍ഡ് പിഴകിട്ടിയതോടെ അഞ്ചാം സ്ഥാനത്തുനിന്ന്  ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.