രാഹുല്‍ വന്നപ്പോൾ ധവാൻ ‘ഔട്ട്’; ‘ഇത് വിചിത്രം; മനോവീര്യം തകർക്കും’

kl-rahul-dhawan
SHARE

സിംബാബ്‍വെ പര്യടനത്തിൽ ശിഖർ ധവാനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബിസിസിഐ മാറ്റിയത് അപ്രതീക്ഷിതമായാണ്. സിംബാബ്‍വെയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ശിഖർ ധവാനായിരുന്നു ക്യാപ്റ്റൻ. എന്നാൽ കെ.എൽ. രാഹുലായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു പിന്നാലെ രാഹുലിന് കോവി‍ഡും സ്ഥിരീകരിച്ചിരുന്നു. ഫിറ്റ്നസ് തെളിയിച്ചതോടെയാണു താരത്തിനു ടീമിലേക്കുള്ള വഴിയൊരുങ്ങിയത്.

രാഹുല്‍ വന്നതോടെ ശിഖർ ധവാന് ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. അതേസമയം ക്യാപ്റ്റനെ മാറ്റിയുള്ള സിലക്ഷൻ കമ്മിറ്റിയുടെ നീക്കത്തെ പിന്തുണയ്ക്കാനാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് മുൻ സിലക്ടർ സാബാ കരീം. കെ.എൽ. രാഹുൽ സിംബാബ്‍വെ പര്യടനത്തിൽ ടീം അംഗമെന്ന നിലയിൽ മാത്രം കളിക്കണമെന്ന് അദ്ദേഹം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ രാഹുലിനെ ക്യാപ്റ്റനോ, വൈസ് ക്യാപ്റ്റനോ ആക്കുന്നത് അത്ര പ്രധാനപ്പെട്ട കാര്യമല്ല. വലിയ ഇടവേളയ്ക്കു ശേഷമാണു രാഹുൽ ടീമിൽ തിരിച്ചെത്തുന്നത്. ശിഖർ ധവാൻ ടീമിലെ മുതിർന്ന താരമാണ്. ധവാനെ ഒരിക്കൽ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രാധാന്യം അദ്ദേഹത്തിനു നൽകണം. വെസ്റ്റിൻ‍ഡീസിനെതിരെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ബാറ്റിങ്ങിലും മോശമാക്കിയില്ല. ഒരു കൂട്ടം യുവതാരങ്ങളുടെ പിൻബലത്തിലാണ് ടീം ഇന്ത്യ പരമ്പരയിലെ എല്ലാ കളികളും ജയിച്ചത്. ധവാന്‍ ടീമിനെ നന്നായി നിയന്ത്രിച്ചു. യുവതാരങ്ങളെ അദ്ദേഹം പ്രോൽസാഹിപ്പിച്ചു.’’

‘‘ക്യാപ്റ്റനെ മാറ്റിയ ഇത്തരം രീതികൾ വിചിത്രമാണ്. അതു ചോദ്യം ചെയ്യപ്പെടണം. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ വളരെയേറെ സൂക്ഷിക്കണം. ഒരു ക്യാപ്റ്റൻ അടുത്ത മത്സരത്തേക്കുറിച്ചു ചിന്തിക്കുമ്പോഴായിരിക്കും പെട്ടെന്ന് അദ്ദേഹത്തെ മാറ്റുന്നത്. അതു താരത്തിന്റെ മനോവീര്യത്തെ ബാധിക്കുന്ന കാര്യമാണ്.’’– സാബാ കരീം പറഞ്ഞു. ഓഗസ്റ്റ് 18നാണ് സിംബാബ്‍വെയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.

MORE IN SPORTS
SHOW MORE