മൊബൈലിൽ നോക്കിയിരുന്നാല്‍ 20 ലക്ഷം പിഴ; പാക് താരങ്ങൾക്ക് കർശന നിയന്ത്രണം

pakcricketers
SHARE

ക്രിക്കറ്റ് താരങ്ങൾക്കുള്ള കരാറിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പിഴവുകൾക്കു വൻ തുകയാണു പിഴയായി പിസിബി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾക്കുള്ള വിലക്കും നേരിടേണ്ടിവരുമെന്നും കരാറിലുണ്ട്. ബാബർ അസമുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇതിനെ ചോദ്യം ചെയ്തെങ്കിലും ചെറിയ മാറ്റങ്ങളോടെ ഇവരും കരാറിൽ ഒപ്പിട്ടെന്നാണു വിവരം. അഭിഭാഷകരുമായി സംസാരിച്ച ശേഷമാണു ദേശീയ സീനിയര്‍ ടീമിലെ താരങ്ങൾ കരാറിൽ ഒപ്പിട്ടത്.

പുതിയ നിയമം അനുസരിച്ച് ഗ്രൗണ്ടിനു പുറത്തുള്ള പരിപാടികളിൽ താരങ്ങൾ ‍ഡ്രസ് കോ‍ഡ് പാലിച്ചില്ലെങ്കിൽ 25,000 മുതല്‍ ഒരു ലക്ഷം വരെ പാക്കിസ്ഥാനി രൂപ പിഴയായി അടക്കേണ്ടിവരും. പരിശീലനം, അഭിമുഖങ്ങൾ തുടങ്ങിയവയിൽ ഡ്രസ് കോഡ് തെറ്റിച്ചാൽ‌ പിഴ പിന്നെയും ഉയരും. 50,000 മുതൽ മൂന്ന് ലക്ഷം പാക്കിസ്ഥാനി രൂപ വരെയാണ് ക്രിക്കറ്റ് ബോർഡിലേക്ക് അടയ്ക്കേണ്ടിവരിക. ഏതെങ്കിലും ഉത്പന്നങ്ങളുടെ പരസ്യത്തിന്റെ ഭാഗമാകുകയാണെങ്കിൽ ബോർഡിൽനിന്ന് അതിനു മുൻകൂർ അനുമതി തേടണം. അല്ലെങ്കിൽ അഞ്ച് ലക്ഷം മുതൽ 50 ലക്ഷം വരെ പിഴയൊടുക്കേണ്ടിവരും.

ക്രിക്കറ്റ് ബോർഡിന്റെ സ്പോൺസർമാരെയോ പങ്കാളികളെയോ ഈ പരസ്യങ്ങൾ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാണെങ്കിൽ അഞ്ചു മത്സരങ്ങൾ വരെ വിലക്കും നേരിടേണ്ടിവരും. ബോർഡ് അംഗീകരിച്ച വസ്ത്രം, ലോഗോ എന്നിവ മത്സര സമയങ്ങളിൽ ധരിച്ചില്ലെങ്കിൽ‌ പത്ത് ലക്ഷം വരെയാണു പിഴ. അഞ്ചു മത്സരങ്ങളുടെ വിലക്കും ലഭിക്കും. 

ക്രിക്കറ്റ് കിറ്റിൽ അംഗീകാരമില്ലാത്ത ലോഗോയോ മറ്റോ കണ്ടെത്തിയാലും താരങ്ങളുടെ കയ്യിൽനിന്നു ലക്ഷങ്ങൾ പോകും. ചൂതാട്ടത്തിനും ഒത്തുകളിക്കും രണ്ടു ലക്ഷം മുതൽ 20 ലക്ഷം വരെ പിഴ ശിക്ഷ ലഭിക്കും. മത്സരത്തിനിടയിൽ ഡ്രസിങ് റൂമിലോ, മറ്റേതെങ്കിലും ഇടങ്ങളിലോ മൊബൈലിൽ നോക്കിയിരുന്നാല്‍ 20 ലക്ഷം വരെ പിഴയായി താരങ്ങളുടെ കയ്യിൽനിന്ന് പോകും.

MORE IN SPORTS
SHOW MORE