ടിമോ വെര്‍നര്‍ ആര്‍ബി ലൈപ്സിഗില്‍ തിരിച്ചെത്തി; കരാർ നാലുവര്‍ഷത്തേക്ക്

timo-werner
SHARE

ജര്‍മന്‍ സ്ട്രൈക്കര്‍ ടിമോ വെര്‍നര്‍ ചെല്‍സി വിട്ട് ആര്‍ബി ലൈപ്സിഗില്‍ തിരിച്ചെത്തി. ക്ലബുമായി നാലുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. മുപ്പത് മില്യണ്‍ ഡോളറാണ് കരാര്‍ തുക. 

2020ലാണ് ജര്‍മന്‍ ക്ലബായ ആര്‍ബി ലൈപ്സിഗില്‍ നിന്ന് ടിമോ വെര്‍നര്‍ ചെല്‍സിയിലെത്തിയത്. അന്‍പത് മില്യണ്‍ ഡോളര്‍ മുടക്കിയാണ് ചെല്‍സി വെര്‍നറെ ടീമിലെത്തിച്ചത്. ഇരുപത്താറുകാരനായ വെര്‍നര്‍ ലൈപ്സിഗിന്റെ എക്കാലത്തേയും ടോപ് സ്കോററാണ്. 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 95 ഗോളുകളാണ് വെര്‍നര്‍ നേടിയത്. ചെല്‍സിയില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് അവസരങ്ങള്‍ കുറഞ്ഞതോടെയാണ് വെര്‍നര്‍ പഴയ ക്ലബിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചത്. 

2020ല്‍  ആദ്യ പന്ത്രണ്ടു മല്‍സരങ്ങളില്‍ എട്ടുഗോളുകള്‍ നേടിയ വെര്‍നര്‍ക്ക് ആ സീസണിലെ ബാക്കി മല്‍സരങ്ങളില്‍ നാലുഗോളുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞവര്‍ഷം റൊമാലു ലുക്കാക്കു എത്തിയതും സെന്‍ട്രല്‍ സ്ട്രൈക്കറായി കായ് ഹാവെര്‍ട്സിന് കോച്ച് തോമസ് ടചല്‍  കൂടുതല്‍ പരിഗണന നല്‍കിയതും വെര്‍നര്‍ക്ക് തിരിച്ചടിയായി. ചെല്‍സിക്കായി 89 മല്‍സരങ്ങള്‍ കളിച്ച വെര്‍നര്‍ 23 ഗോളുകളാണ് നേടിയത്. ചാംപ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ചെല്‍സി സ്വന്തമാക്കുമ്പോള്‍ അതില്‍ വെര്‍നറുടെ സംഭാവനയും ഉണ്ടായിരുന്നു. പ്രീമീയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ എവര്‍ട്ടനെതിരെ ചെല്‍സി ജയിച്ചെങ്കിലും വെര്‍നറെ ടീമിലുള്‍പ്പെടുത്തിയില്ല. ജര്‍മനിയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കൂടി ലക്ഷ്യമിട്ടാണ് വെര്‍നര്‍ പഴയ ക്ലബിലേക്ക് തിരിച്ചെത്തുന്നത്. ലൈപ്സിഗിനായി നൂറു ഗോള്‍ നേടുന്ന ആദ്യതാരമാകണമെന്ന്  വെര്‍നര്‍ പറഞ്ഞു.

MORE IN SPORTS
SHOW MORE