രാജ്യത്തിന് അഭിമാനമായി ശ്രീശങ്കർ; ലോങ്ജംപിൽ വെള്ളിത്തിളക്കം

m-sreeshankar-01
SHARE

കോമൺവെൽത് ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളീ താരം എം ശ്രീശങ്കറിന്‌ ലോങ്ങ് ജംപിൽ വെളളി. അഞ്ചാം അവസരത്തിൽ 8.08 മീറ്റർ മറികടന്നാണ് ശ്രീശങ്കർ മെഡൽ ഉറപ്പിച്ചത് . കോമൺവെൽത് ഗെയിംസ് ലോങ്ങ്ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ. മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത് ഫിനിഷ്‌ ചെയ്‌തു 

ബർമിങ്ങാമിൽ നിന്ന് കേരളത്തിലേക്കൊരു വെള്ളിത്തിളക്കം എത്തിയത് എം ശ്രീശങ്കറിന്റെ അഞ്ചാം ശ്രമത്തിൽ. ആദ്യ മൂന്നു ശ്രമങ്ങൾ അവസാനിച്ചപ്പോൾ ശ്രീശങ്കർ ആറാം സ്‌ഥാനത്ത്. യോഗ്യത റൗണ്ടിൽ എട്ടുമീറ്ററിനപ്പുറം കടന്ന് ഒന്നാമനായി ഫൈനലിലെത്തിയ ശ്രീശങ്കർ ആദ്യ ഘട്ടത്തിൽ പതറി. വലിയ വേദിയുടെ സമ്മർദ്ദത്തിൽ നാലാം അവസരം തലനാരിഴക്ക് ഫൗൾ. എന്നാൽ സമ്മർദ്ദത്തിന്റെ ഉച്ചസ്ഥായിൽ 8.08 മീറ്റർ മറികടന്നു ശ്രീശങ്കർ. 

ഒന്നാം സ്ഥാനം നേടിയ ബഹാമാസ് താരം ലഖ്‌വാൻ നയിനും കണ്ടെത്തിയത് 8.08 മീറ്റർ. രണ്ടാം അവസരത്തിൽ മികച്ച ദൂരം കണ്ടെത്തിയതിനാൽ ബഹാമാസ് താരത്തിന് സ്വർണം. അവസാന ശ്രമത്തിൽ 7.97 മീറ്റർ മറികടന്നാണ് മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തിയത്‌. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ അതിയായ സന്തോഷമെന്ന് ശ്രീശങ്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സാഹചര്യവും കാലാവസ്ഥയും പ്രതികൂലമായിരുന്നു. ഭാവിയില്‍ സ്വര്‍ണ മെഡല്‍ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ശ്രീശങ്കര്‍ പറഞ്ഞു.

നിരാശ നിറഞ്ഞ ആദ്യ 4 അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ മലയാളി താരം എം. ശ്രീശങ്കറും ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ‌ പിന്നിട്ട ശ്രീശങ്കർ വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കറിനു സ്വന്തം.

പാരാ പവർലിഫ്റ്റിങ്ങിൽ സ്വർണവും ലോങ്ജംപിൽ വെള്ളിയും നേടിയ സുധീറിനെയും ശ്രീശങ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ഥിരതയോടെ ഉജ്വല പ്രകടനം പുറത്തെടുക്കുന്ന താരമാണ് സുധീറെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ശ്രീശങ്കറിന്റെ വെള്ളിമെഡൽ വളരെ സ്പെഷലായ ഒന്നാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. ഇന്ത്യൻ അത്‍ലറ്റിക്സിന്റെ ഭാവിക്ക് ഒരു ശുഭ പ്രതീക്ഷയാണ് ശ്രീശങ്കർ. ഇനിയും കൂടുതൽ മുന്നേറാൻ ശ്രീശങ്കറിനു കഴിയട്ടെയെന്നും മോദി കുറിച്ചു.

MORE IN Sports
SHOW MORE