പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ; സഞ്ജുവിന് സാധ്യത; പാഡി അപ്റ്റണ്‍ ടീം ഇന്ത്യയ്ക്കൊപ്പം

ind-vs-wi-3rd-odi
SHARE

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മല്‍സരം വൈകിട്ട് ഏഴിന്. പരമ്പര ജയിച്ച ഇന്ത്യ ഇന്ന് സൈഡ്ബെഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് ഇടം നല്‍കിയേക്കും. പരുക്കുമൂലം വിശ്രമിക്കുന്ന രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തിയേക്കും. ട്വന്റി 20 ലോകകപ്പകൂടി മുന്നില്‍ കണ്ട് മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്റ്റണ്‍ ടീം ഇന്ത്യയ്ക്കൊപ്പം പരിശീലക സംഘത്തില്‍ ചേര്‍ന്നു. 

2011ലെഏകദിന ലോകകിരീടം ഇന്ത്യ ഉയര്‍ത്തുമ്പോള്‍ ടീം ഇന്ത്യയുടെ മെന്റല്‍ കണ്ടീഷനിങ് കോച്ചായി പാഡി അപ്റ്റണ്‍ ഉണ്ടായിരുന്നു. ടീം ഇന്ത്യ കോച്ച് രാഹുല്‍ ദ്രാവിഡാണ് അപ്റ്റണെ വീണ്ടും പരിശീലകസംഘത്തില്‍ ചേര്‍ത്തത്. മോശം ഫോമിലൂടെ കടന്നുപോയകാലത്ത് ദ്രാവിഡ് പാഡി അപ്റ്റണിന്റെ സഹായം തേടിയിരുന്നു. ട്വന്റി 20 ലോകകിരീടം ലക്ഷ്യമിട്ടാണ് അപ്റ്റണനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായഏകദിന പരമ്പരയിലെ പ്രകടനം ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുന്നതില്‍ ചിലതാരങ്ങള്‍ക്ക് നിര്‍ണായകമാണ്. ആവേഷ് ഖാന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ലോകകപ്പ് ടീമില്‍ ഇടംനേടുന്നതിനായി മല്‍സരരംഗത്തുണ്ട്. ആദ്യ രണ്ട് ഏകദിനത്തില്‍ 300ലേറെ റണ്‍സ് സ്കോര്‍ ചെയ്ത ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്നാം ഏകദിനവും വിജയിച്ച് സമ്പൂര്‍ണ പരമ്പര നേടാമെന്ന കണക്ക് കൂട്ടലിലാണ് ടീം ഇന്ത്യ. 

രോഹിത് ശര്‍മയും വിരാട് കോലിയും കെ.എല്‍.രാഹുലും, ജസ്പ്രീത് ബുംറയുമില്ലാതെയാണ്  ഇന്ത്യയുടെ വിജയം. പരുക്കൂമുലംആദ്യ രണ്ട് ഏകദിനവും കളിക്കാതിരുന്ന ജഡേജ ടീമില്‍ തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ അക്സര്‍ പട്ടേല്‍ പുറത്താകും. സിറാജിനോ ആവേഷ് ഖാനോ പകരം പ്രസിദ്ധ് കൃഷണ എത്തിയേക്കും. പരുക്കില്‍ നിന്ന് മോചിതനായി ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തുന്നത് വിന്‍ഡീസിന് ആത്മവിശ്വാസം നല്‍കുന്നു. ഇന്ത്യ രണ്ട് ഏകദിനത്തിലും 300ലേറെ റണ്‍സ് സ്കോര്‍ ചെയതപ്പോഴും മികച്ച ഇക്കോണിമി റേറ്റ് കാത്ത അല്‍സാരി ജോസഫിന് ഹോള്‍ഡറുടെ മടങ്ങിവരവ് കൂടുതല്‍ കരുത്ത് നല്‍കും. 

MORE IN SPORTS
SHOW MORE