ക്യാപ്റ്റൻ കൂൾ @41; ഇന്നും ത്രസിപ്പിച്ച് മഹേന്ദ്രജാലം; ജന്മദിനാശംസകൾ ധോണി

dhoni-birthday
SHARE

ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് നയിച്ച ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയെന്ന അപൂർവ പ്രതിഭാസത്തിന് ഇന്ന് 41–ാം ജന്മദിനം.എണ്ണിയാൽ തീരാത്തത്ര കളികളിൽ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഫിനിഷർ എന്ന പേരിലൂടെ നമ്മളെ വിസ്മയിപ്പിച്ച ധോണിക്കു 41 വയസ്സ് തികയുമ്പോൾ ക്രിക്കറ്റ് പ്രേമികളും ഒന്നാകെ പറയുന്നു, ഹാപ്പി ബർത്ത്ഡേ ധോണി. 

ഇന്ന്, ജൂലൈ ഏഴിന്, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റൻ തന്റെ 41–ാം ജന്മദിനം ആഘോഷിക്കുമ്പോൾ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിക്കാറായില്ലേ എന്നും വിമർശങ്ങൾ ഉയരുന്നുണ്ട്. പക്ഷെ ആർക്കും പിടികൊടുക്കാത്ത ക്യാപ്റ്റൻ കൂളാണ്‌ പലപ്പോഴും അയാൾ. വിരമിക്കൽ പ്രഖ്യാപനം വരെ അപ്രതീക്ഷിതമായിരുന്നല്ലോ. ഏഴാം ജേഴ്സിയണിഞ്ഞ് നമ്മളെ ത്രസിപ്പിച്ച ഏഴാം മാസത്തിലെ ഏഴാം ദിന’ത്തിൽ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് നായകന് ഒന്നുമില്ലായ്മയിൽനിന്ന് വളർന്നുവന്ന് ലോകം കീഴടക്കിയ ഇതിഹാസ നായകന്, പ്രിയപ്പെട്ട മഹിബായിക്ക് ക്രിക്കറ്റിലെ മഹേന്ദ്രജാലക്കാരന് ഒരായിരം ജന്മദിനാശംസകൾ. വിഡിയോ കാണാം

ഒരു സിനിമാക്കഥ പോലെയാണ് ധോണിയുടെ ജീവിതം. ധോണിയുടെ ജനനം മുതൽ 2011 ലോകകപ്പ് വിജയം വരെയുള്ള ധോണിയുടെ ജീവിതം എംഎസ് ധോണി; ദി അൺടോൾഡ് സ്‌റ്റോറി എന്ന സിനിമയായി പുറത്തിറങ്ങിയതാണ്. അരങ്ങേറ്റ മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ പൂജ്യത്തിനു റൺ ഔട്ടായി മടങ്ങിയ ധോണി ചെറുപ്രായത്തിൽ ടീം ഇന്ത്യയുടെ നായകനായി അവരോധിയ്ക്കപ്പെടുക. 2007ൽ പ്രഥമ ട്വന്റി20 കിരീടം സ്വന്തമാക്കുക.  2009ൽ ആദ്യമായി ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച ധോണി, 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം സമ്മാനിക്കുന്നു . 2013ൽ ചാംപ്യൻസ് ട്രോഫിയും. 2007ൽബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ നേടിയ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറയുടെ ഉദയം കൂടിയായിരുന്നു. 

ഇതോടെ മൂന്നു ഐസിസി ട്രോഫികൾ ഇന്ത്യയിലേക്ക് കൊണ്ടു വന്ന ചരിത്രം തിരുത്തിക്കുറിച്ച ഏക നായകനായി ഇതിഹാസ താരമായി ധോണി മാറുന്നു. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാരുടെ പട്ടികയിലേക്ക് അയാൾ നടന്നു കയറി. ഒരു സാധരണ റെയിൽവേ ടിക്കറ്റ് കളക്ടർ ക്രിക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് നടന്നു കയറിയത് ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടുനടന്നത് കൊണ്ടുമാത്രമാണ്. ഏതൊരു സാധാരണക്കാരനും സ്വപ്നം കാണുവാനും പ്രചോദിപ്പിക്കുവാനും കഴിയുന്ന വിസ്മയകരമായ ഒരു കഥ തന്നെയാണ് ധോണി എന്ന മഹേന്ദ്ര സിങ് ധോണി. 

MORE IN SPORTS
SHOW MORE