'എത്രാം നമ്പറിൽ ബാറ്റു ചെയ്യാനാണ് ഇഷ്ടം?’; ചിന്തിപ്പിക്കുന്ന മറുപടിയുമായി സഞ്ജു

sanju-samson
SHARE

ആരാധകരെ ചിരിപ്പിച്ചും സിലക്ടർമാരെ ‘ചിന്തിപ്പിച്ചും’ സഞ്ജു സാംസൺ. അയർലൻഡിനെതിരായ 2–ാം ട്വന്റി20യിലെ ഉജ്വല ഇന്നിങ്സിനു പിന്നാലെ ക്രിക്കറ്റ് വിദഗ്ധരുമായുള്ള ആശയവിനിമയത്തിനിടെയുണ്ടായ താരത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. 

ഐപിഎല്ലിനു ശേഷം നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ട്വന്റി20 ടീമിൽ സഞ്ജുവിനു സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഉൾപെട്ടതോടെയാണു അയർലൻഡിനെതിരായ പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിലേക്കു വീണ്ടും മടങ്ങിയെത്തി. ഇത്തവണത്തെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും 3–ാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു പക്ഷേ അയർലൻഡിനെതിരായ മത്സരത്തിൽ ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതിനു ആരാധകർ സാക്ഷിയായി.

മത്സരത്തിനുശേഷം സോണി ചാനലിനു വേണ്ടി, സഞ്ജുവുമായി നടത്തിയ വിഡിയോ കോൺഫറൻസ് ആശയവിനിമയത്തിനിടെ, മുൻ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റർമാരുമായ അജയ് ജഡേജ, ഗ്രെയിം സ്വാൻ എന്നിവർ ഇതു സംബന്ധിച്ചു സഞ്ജുവിനോടു ചോദ്യം ഉയർത്തുരകയും ചെയ്തു. ‘ട്വന്റി20 ക്രിക്കറ്റിൽ എത്രാം നമ്പറിൽ ബാറ്റു ചെയ്യാനാണ് ഇഷ്ടം?’ സഞ്ജുവിന്റെ മറുപടി ഇങ്ങനെ, ‘1,2,3,4,5,6.. എതു സ്ഥാനത്തും ബാറ്റുചെയ്യും'.

ഇതുകേട്ടു ജഡേജയും സ്വാനും പൊട്ടിച്ചിരിക്കുന്നതിനിടെ സഞ്ജു തുടർന്നു, ‘കഴിഞ്ഞ 6–7 വർഷത്തിനിടെ ഈ ഫോർമാറ്റിൽ ഒരുവിധം എല്ലാ സ്ഥാനത്തും ഞാൻ‌ ബാറ്റു ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയാണു കളിക്കേണ്ടത് എന്ന മുൻപരിചയവും ഉണ്ട്. 4–ാം നമ്പറിലോ 5–ാം നമ്പറിലോ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഏറ്റവും പ്രാധാന്യം കരുത്തിനാണ്. പക്ഷേ, ഓപ്പണറായപ്പോൾ ഞാൻ നിലയുറപ്പിക്കാൻ അൽപം സമയം എടുത്തു. ടീമിലെ നിങ്ങളുടെ ദൗത്യം കൃത്യമായി മനസ്സിലാക്കണം. അതിന് അനുസരിച്ചുവേണം കളിക്കാൻ’– സഞ്ജുവിന്റെ വാക്കുകൾ.

ബാറ്റിങ് സ്ഥാനം ഏതാണങ്കിലും സ്വീകരിക്കാൻ തയാറാണെന്നു സഞ്ജു പറഞ്ഞുവയ്ക്കുന്നത് സിലക്ടർ‌മാരെക്കൂടി ലക്ഷ്യമിട്ടായിരിക്കും എന്ന് ഉറപ്പാണ്. ജൂലൈ 7ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ട്വന്റി20 മത്സരം. 3 മത്സര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടംപിടിക്കും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

MORE IN SPORTS
SHOW MORE