റെക്കോര്‍ഡുകളുടെ തോഴൻ; 781 ഗോളുകള്‍; എട്ട് ബാലൻ ദിഓർ; മെസിയുടെ ജൈത്രയാത്ര

messi-30
SHARE

റെക്കോര്‍ഡുകള്‍ കീഴടക്കിയാണ് പ്രഫഷണല്‍ ഫുട്ബോളിലും  രാജ്യാന്തര ഫുട്ബോളിലും മെസിയുടെ മുന്നേറ്റം. 986 മല്‍സരങ്ങളില്‍ നിന്നായി 781 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. 

മെസിക്കു തുല്യം മെസി മാത്രം. ക്ലബ് ഫുട്ബോളിലും രാജ്യാന്തര കരിയറിലും തന്റേതായ നാഴികക്കല്ലുകള്‍ സ്ഥാപിച്ചാണ് മെസിയുടെ ജൈത്രയാത്ര. ഒരു കോപ്പ അമേരിക്ക കിരീടവും ഒരു ഫൈനലിസിമ കിരീടവും മെസിയുടെ രാജ്യാന്തര കരിയറിന് തിളക്കം പകരുന്നു. ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ദിഓര്‍ പുരസ്കാരം എട്ടുതവണ മെസി സ്വന്തമാക്കി.  ക്ലബ് കരിയറില്‍ 36 കിരീടങ്ങളാണ് മെസി സ്വന്തമാക്കിയത്. ബാര്‍സിലോനയ്ക്കുവേണ്ടിയായിരുന്നു ഈ നേട്ടങ്ങളെല്ലാം. 

നിലവില്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമാണ് മെസി.  153 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് 86 ഗോളുകളാണ് മെസി നേടിയത്. 29 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. പ്രഫഷനല്‍ ക്ലബ് കരിയറില്‍ 828 മല്‍സരങ്ങളില്‍ നിന്ന് 693 ഗോളുകള്‍ മെസി നേടി. 251 അസിസ്റ്റുകളും മെസിയുടേതായുണ്ട്. രാജ്യാന്തര കരിയറും ക്ലബ് കരിയറും ചേരുമ്പോള്‍ 986 മല്‍സരങ്ങളില്‍ നിന്ന് 781 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. ധാരാളം റെക്കോര്‍ഡുകളും കിരീടങ്ങളും സ്വന്തം പേരിലുണ്ടെങ്കിലും ഒരു ലോകകപ്പ് ഇതുവരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് ഇത്തവണ ഖത്തറില്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

MORE IN SPORTS
SHOW MORE