കാൽപ്പന്തിന്റെ ഉയിര്; വീണിടത്ത് നിന്ന് ഉയർന്ന ഇതിഹാസം; മെസിക്ക് ഇന്ന് 35ാം പിറന്നാൾ

messi-10
SHARE

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാള്‍. രാജ്യാന്തര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന മെസി ഇത്തവണ അര്‍ജന്റീനയ്ക്കായി ലോകകപ്പ് ഉയര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ലോകമെങ്ങുമുള്ള ആരാധകര്‍. 

ഫുട്ബോളിന് ഉയിരാണ് മെസി, ഉയിര്‍ത്തെഴുന്നേല്‍പാണ് മെസി. ഫുട്ബോള്‍ ജീവിതം  അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് രാജ്യത്തെ വിജയപീഠത്തിലേറ്റിയവനാണ് മെസി. ആരാധകരെ മുഴുവന്‍ ആനന്ദത്തിന്റെ ആവേശത്തിന്റെ കൊടുമുടികയറ്റിയവനാണ് മെസി. കപ്പിനും ചുണ്ടിനുമിടയില്‍  2014 ലോകകപ്പ് നഷ്ടപ്പെട്ടതാണ് അയാള്‍ക്ക്. ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് ഏറെ പഴികേട്ടതാണ് അയാള്‍. അര്‍ജന്റീന എന്ന രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുടെ അമിതഭാരം ആ അഞ്ചടി ഏഴിഞ്ചുകാരന്റെ ചുമലില്‍ വന്നപ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത ആ ഇടംകാല്‍ ഒന്നു പതറി. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ പെനല്‍റ്റി കിക്ക് പുറത്തേക്ക്. അതുമതിയായിരുന്നു ആ ഇതിഹാസത്തെ ക്രൂശിലേറ്റാന്‍ കാത്തിരുന്നവര്‍ക്ക്. എല്ലാം നഷ്ടമായ നിരാശയില്‍ വെള്ളയും ആകാശനീലയും ഇടകലര്‍ന്ന അര്‍ജന്റൈന്‍ കുപ്പായം എന്നന്നേക്കുമായി ഊരിവയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അയാള്‍ക്ക് ഫുട്ബോളുമായുള്ള ബന്ധം. അര്‍ജന്റീനയ്ക്കുവേണ്ടി, ആരാധകര്‍ക്കുവേണ്ടി, അയാള്‍ ഫുട്ബോളിലെ ജീവശ്വാസം തിരിച്ചുപിടിച്ചു. 

ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനെ തന്നെ മുട്ടുകുത്തിച്ച് മെസിയും കൂട്ടുകാരും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. മെസിയുടെ രാജ്യാന്തര കരിയറിലെ ആദ്യ കിരീടം. പിന്നാലെ ഫൈനലിസിമ പോരാട്ടത്തില്‍ യൂറോപ്യന്‍ ജേതാക്കളായ ഇറ്റലിയേയും തകര്‍ത്ത് മെസിയും സംഘവും അടുത്ത ലക്ഷ്യം ഖത്തര്‍ ലോകകപ്പാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 

MORE IN SPORTS
SHOW MORE