ഇംഗ്ലീഷ് ക്ലബുകള്‍ക്കായി ബൂട്ടുകെട്ടാൻ എര്‍ലിങ് ഹാലന്‍ഡും ഇവാന്‍ പെരിസിച്ചും

eplwb
SHARE

ഓഗസ്റ്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്  തുടക്കമാവുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് ഇ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന താരങ്ങളാണ്. സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ്, ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ച് തുടങ്ങിയ താരങ്ങള്‍ ഇക്കുറി ഇംഗ്ലീഷ് ക്ലബുകള്‍ക്കായി ബൂട്ടുകെട്ടും. 

ഇത്തവണത്തെ ട്രാന്‍സ്ഫറില്‍ ഏറ്റവും ശ്രദ്ധേയമായത് നോര്‍വേ സൂപ്പര്‍താരം എര്‍ലിങ് ഹാലന്‍ഡിന്‍റെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള വരവാണ്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് 75 മില്യണ്‍ യൂറോ നല്‍കിയാണ് സിറ്റി നോര്‍വീജിയന്‍ യുവതാരത്തെ സ്വന്തമാക്കിയത്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ പിതാവ് ആല്‍ഫി ഹാലന്‍ഡിന്‍റെ പാത പിന്തുടര്‍ന്നാണ് എര്‍ലിങ് സിറ്റി ജഴ്സിയില്‍  പ്രീമിയര‍്‍ ലീഗ് അരങ്ങേറ്റം കുറിക്കുന്നത്. ഇക്കുറി  യുവതാരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ശ്രദ്ധിച്ച ലിവര്‍പൂളിന് വേണ്ടിയാണ് സ്കോട്ടിഷ് താരം കാല്‍വിന്‍ റാംസെയും യുറഗ്വായുടെ ഡാര്‍വിന്‍ നൂനസും പ്രീമിയര്‍ ലീഗില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങുന്നത്. 

പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക താരമായ നൂനസിനെ 80 മില്യണ്‍ യുറോയും,  പ്രതിഫലത്തിന് പുറമേ അധികമായി 20 മില്യണ്‍ യൂറോയും നല്‍കിയാണ്  ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 2028 വരെയാണ് നൂനസുമായുള്ള കരാര്‍. ബെന്‍ഫിക്കയ്ക്കായി 74 മല്‍സരങ്ങളില്‍ നിന്ന് 43 ഗോളുകള്‍ നൂനസ് നേടിയിട്ടുണ്ട്. കാല്‍വിന്‍ റാംസെയെ 4.2 മില്യണ്‍ യൂറോയ്ക്കാണ് ലിവര്‍പൂള്‍ ടീമിലെത്തിച്ചത്.  മാഞ്ചസ്റ്റര്‍ സിറ്റിയുടെ ടീമിലുണ്ടായിരുന്നെങ്കിലും പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയാതിരുന്ന ഗോള്‍ കീപ്പര്‍ ഗാവിന്‍ ബസുനു ഇത്തവണ സതാംപ്ടനുവേണ്ടി ലീഗില്‍ അരങ്ങേറ്റം കുറിക്കും. 20കാരനായി ബസുനു ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്‍റ പിന്‍ഗാമിയായാണ് വിലയിരുത്തപ്പെടുന്നത്. യുവതാരങ്ങള്‍ക്കൊപ്പം പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ക്രൊയേഷ്യന്‍  വെറ്ററന്‍ ഇവാന്‍ പെരിസിച്ച്. ടോട്ടനം ഹോട്സ്പറിനുവേണ്ടിയാണ് പെരിസിച്ച് ഇംഗ്ലണ്ടിലെത്തുന്നത്.  ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാനില്‍ നിന്നാണ് രണ്ടു വര്‍ഷത്തെ കരാറില്‍ പെരിസിച്ച് ടോട്ടനത്തിലെത്തുന്നത്. 

MORE IN SPORTS
SHOW MORE