'അജ്ഞാതർ തട്ടിക്കൊണ്ടു പോയി നഗ്നനാക്കി മർദ്ദിച്ചു'; നടുക്കം മാറാതെ മുൻ ഒസീസ് താരം

stuartmcgill-20
SHARE

ഒരു വർഷം മുമ്പ് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മുൻ ഒസീസ് താരം സ്റ്റുവർട്ട് മക്​ഗിൽ. മക്ഗിലിനെ സിഡ്നിക്കടുത്തുള്ള ക്രെമോണിൽ വച്ച് മൂന്നു പേർ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോയെന്നും നഗ്നനാക്കി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്നും തുറന്ന് പറയുകയാണ് അദ്ദേഹം. സംഭവം നടന്നിട്ട് ഒരു വർഷത്തിലേറെ ആയെങ്കിലും അന്നുണ്ടായ നടുക്കത്തിൽ നിന്ന് മക്​ഗിൽ ഇനിയും മോചിതനായിട്ടില്ല.

സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ മക്ഗിലിന്റെ മുൻ ഭാര്യയുടെ സഹോദരനാണെന്നും പൊലീസ് പറയുന്നു. 2021 ഏപ്രിൽ 21നായിരുന്നു മക്ഗിലിന് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് മക്ഗിൽ പറയുന്നതിങ്ങനെ..

നേരം നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു. കാറിലെത്തിയ നാലംഗ സംഘം എന്നെ ആ കാറിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. കാറിൽ കയറാൻ താൽപ്പര്യമില്ലെന്ന് അവരോട് രണ്ടു തവണ പറഞ്ഞു. എന്നാൽ അവർ ആയുധധാരികളാണെന്ന് പിന്നീട് വ്യക്തമായി. നിങ്ങൾക്ക് ഇതിൽ പങ്കില്ലെന്നു ഞങ്ങൾക്കറിയാമെന്നും കുറച്ചു നേരം സംസാരിക്കാൻ ആഗ്രഹിക്കുന്നെന്നും അവർ പറഞ്ഞു. അതിനുശേഷം അവർ എന്നെ കാറിൽ കയറ്റി, ഞാൻ ഒന്നര മണിക്കൂർ കാറിൽ ഉണ്ടായിരുന്നു.

അവർ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. അവർ എന്നെ നഗ്നനാക്കി, മർദിച്ചു, ഭീഷണിപ്പെടുത്തി. അതിനുശേഷം എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. ഞാൻ ഭയപ്പെട്ടു, അപമാനിക്കപ്പെട്ടു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ട് അവർ എന്നെ തിരികെ കാറിൽ കയറ്റി. ബെൽമോർ പ്രദേശത്ത് ഇറക്കിവിട്ടു. സത്യം പറഞ്ഞാൽ ഞാൻ എവിടെയാണെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു' എന്നാണ് ഭയാനകമായ ആ ദിവസത്തെ കുറിച്ച് മക്ഗിൽ ഓർത്തെടുക്കുന്നത്. 

MORE IN SPORTS
SHOW MORE