ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് ഇംഗ്ലണ്ടിന്; ലോക റെക്കോര്‍ഡ്

jos-buttler-3
SHARE

ഏകദിന ക്രിക്കറ്റിൽ ലോക റെക്കോർ‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസെന്ന നേട്ടമാണ് നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 498 റൺസാണ്. 2018ൽ ഇംഗ്ലണ്ട് തന്നെ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 481 റൺസെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇംഗ്ലണ്ടിനു വേണ്ടി മൂന്നു താരങ്ങൾ സെഞ്ചുറി നേടി. ഓപ്പണർ ഫിൽ സാൽട്ട് ( 93 പന്തിൽ 122), ഡേവിഡ് മാലൻ (109 പന്തിൽ 125), ജോസ് ബട്‍ലർ (70 പന്തിൽ പുറത്താകാതെ 162) എന്നിവരാണ് സെഞ്ചുറികളുമായി കൂറ്റൻ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ഒരു റൺസെടുത്തു നിൽക്കേ ഓപ്പണർ ജേസൺ റോയിയെ നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട്.

223 റണ്‍സിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റു വീണത്. സ്കോർ 407 ൽ നിൽക്കെ മൂന്നും നാലും വിക്കറ്റുകളും വീണു. അവസാന പന്തുകളിൽ ലിയാം ലിവിങ്സ്റ്റണും ബാറ്റിങ് വെടിക്കെട്ടു പുറത്തെടുത്തു. 22 പന്തുകൾ നേരിട്ട താരം 66 റൺസെടുത്തു പുറത്താകാതെ നിന്നു. ആറു ഫോറും ആറു സിക്സുമാണ് താരം അടിച്ചുപറത്തിയത്.

MORE IN SPORTS
SHOW MORE