കോമണ്‍വെല്‍ത്ത് ഗെയിംസ്; പത്ത് മലയാളികളടക്കം 37 അംഗ ഇന്ത്യന്‍ ടീം; നീരജ് ചോപ്ര നയിക്കും

AP08_07_2021_000185B
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യന്‍ ടീമിനെ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര നയിക്കും. ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ ഉള്‍പ്പടെ പത്ത് മലയാളികള്‍ ടീമിലിടം പിടിച്ചു. 

18 വനിത താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് നീരജ് ചോപ്ര നയിക്കുന്ന ഇന്ത്യന്‍ ടീം. എം ശ്രീശങ്കര്‍, മുഹമ്മദ് അനസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, നോഅ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നിവരാണ് ടീമിലിടം പിടിച്ച മലയാളി പുരുഷ താരങ്ങള്‍. പരുക്കേറ്റ് വിശ്രമത്തിലുള്ള അമോജ് ജേക്കബിനെയും  റിലേ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രമേ അന്തിമടീമിലുണ്ടാകൂ.   വനിത റിലേ ടീമില്‍ എം.വി.ജില്‍ന, എന്‍.എസ് സിമി എന്നിവര്‍ ഇടംകണ്ടെത്തി. സ്പ്രിന്റര്‍മാരായ ഹിമ ദാസിനെയും ദ്യുതി ചന്ദിനെയും  ഉള്‍പ്പെടുത്തിയിരിക്കുന്നത് 4 X 100 മീറ്റര്‍ റിലേ ടീമില്‍. ലോങ് ജംപില്‍ ആന്‍സി സോജനും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ജേഴ്സിയണിയും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ  മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സീമ പുനിയയ്ക്ക് ഇക്കുറിയും അവസരം നല്‍കിയത്. അമേരിക്കയില്‍  നടക്കുന്ന ടൂര്‍ണമെന്റുകളില്‍  യോഗ്യതാമാര്‍ക്ക് മറികടന്നാല്‍ മാത്രമേ അന്തിമതീരുമാനമെടുക്കൂ. കഴിഞ്ഞ നാല് കോമണ്‍വെല്‍ത്ത് ഗെയിംസിലും സീമ മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്തിന്റെ യോഗ്യതാ മല്‍സരമായികണക്കാക്കിയിരുന്നു ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്തതിനാല്‍ ഹൈജംപ് താരം  തേജസ്വിന്‍ ശങ്കറെ ടീമില്‍ നിന്ന് ഒഴിവാക്കി. ദേശീയ റെക്കോര്‍ഡിന് ഉടമയായ തേജസ്വിന്‍ കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ സീസണിലെ മികച്ച പ്രകടനം നടത്തി സ്വര്‍ണം നേടിയിരുന്നു. 

MORE IN SPORTS
SHOW MORE