പി.എസ്.ജിയുടെ പരിശീലകനാകുവാൻ സിനദിൻ സിദാൻ? വാർത്തകൾ വ്യാജമോ?

ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പി.എസ്.ജിയുടെ പരിശീലകനാകുവാൻ റയൽ മാഡ്രിഡിന്റെ മുൻ കോച്ചും ഫ്രാൻസിന്റെ ഇതിഹാസതാരവുമായ സിനദിൻ സിദാൻ എത്തുമെന്ന് റിപ്പോർട്ടുകൾ. 2020-21 സീസണിൽ റയൽ വിട്ടശേഷം മറ്റൊരു ക്ളബിനെയും സിദാൻ പരിശീലിപ്പിച്ചിട്ടില്ല. പിഎസ്ജിയുടെ നിലവിലെ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ സീസണൊടുവിൽ ക്ലബ് വിടുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു.

എന്നാൽ, സിദാൻ പിഎസ്ജിയിലെത്തുമെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന നിലപാടുമായി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് രംഗത്തെത്തി. ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ ആർഎംസിയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ടു ചെയ്തത്. ഇതിനു പിന്നാലെ മറ്റ് ഫ്രഞ്ച് മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. 

പിന്നാലെയാണ് പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് രംഗത്തെത്തിയത്.'സിദാനെ പ്രതിനിധീകരിക്കാനും ഉപദേശിക്കാനും അനുവാദമുള്ള ഒരേയൊരു വ്യക്തിയാണ് ഞാന്‍. എന്നെയോ സിദാനെയോ പിഎസ്ജി ഉടമ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല'- മിഗ്ലിയാസിയോ വ്യക്തമാക്കി. 

പിഎസ്ജിയുടെ ചിരകാല സ്വപ്നമായ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തതാണു പോച്ചെറ്റിനോ പുറത്താകാൻ കാരണം. റയൽ മഡ്രിഡിനൊപ്പം ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയതാണു സിദാൻ പിഎസ്ജിയുടെ നോട്ടപ്പുള്ളിയാകാൻ കാരണം. ഇതു യാഥാർഥ്യമായാൽ റയൽ മഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിച്ച സിദാൻ പിഎസ്ജിയിൽ ലയണൽ മെസ്സിയുടെ കോച്ചാകും എന്ന പ്രത്യേകതയുമുണ്ട്.

ലയണല്‍ മെസ്സിയും നെയ്മറും കിലിയന്‍ എംബാപെയും ഒരുമിച്ച് കളിക്കുന്നിടത്തേക്ക് സിദാനും കൂടിയെത്തിയാൽ ക്ലബിനും അത് വലിയ നേട്ടം തന്നെയാകുമെന്നുള്ള കാര്യം ഉറപ്പ്. കിലിയന്‍ എംബാപെ പുതിയ കരാറില്‍ ഒപ്പുവെച്ചത് തന്നെ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകരെ പി എസ് ജി പോചെറ്റീനോക്ക് പകരം നിയമിക്കുമെന്ന ഉറപ്പിലായിരുന്നു.