ബയൺ വിടുമെന്ന് പ്രഖ്യാപിച്ച് ലെവൻഡോവ്സ്കി; ഇനിയെങ്ങോട്ട്?

ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലെ തൻറെ യുഗം അവസാനിച്ചെന്ന് പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി. ദേശീയ ടീമിനൊപ്പമുള്ള പരിശീലന ക്യാമ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് താൻ ജർമ്മൻ ക്ലബ് വിടുമെന്ന് ലെവൻഡോവ്‌സ്‌കി വ്യക്തമാക്കിയത്. ഇതോടെ താരം ക്ലബ് വിടുമെന്നുള്ള ഊഹാപോഹങ്ങൾക്ക് വിരാമമായി. ബയേണുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കുമ്പോഴാണ് ലവൻഡോസ്‌കിയുടെ പ്രഖ്യാപനം. 

മുപ്പത്തിമൂന്നുകാരനായ താരം ക്ലബ്ബിൽ ഇനി തുടരുന്നില്ല എന്ന കാര്യം അറിയിക്കുകയായിരുന്നു  ‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ബയൺ മ്യൂണിക്കിൽ എന്റെ നല്ല കാലം കഴി‍ഞ്ഞിരിക്കുന്നു. ഇനി അവിടെ മുന്നോട്ടു പോകാനാവില്ല. ഒരു ട്രാൻസ്ഫറാണ് എനിക്കും ക്ലബ്ബിനും നല്ലത്.’– പോളണ്ടിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനായി തലസ്ഥാനമായ വാഴ്സോയിലെത്തിയ താരം പ‌റഞ്ഞു.

സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് താരത്തിൻറെ പ്രസ്‌താവന പുറത്ത് വരുന്നത്. ബവേറിയൻ ക്ലബ്ബുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി ശേഷിക്കെയാണ് ലെവൻഡോവ്‌സ്‌കിയുടെ പടിയിറക്കം. ബയേൺ തന്നെ തടയില്ലെന്ന് വിശ്വസിക്കുന്നതായും താരം കൂട്ടിച്ചേർത്തു.