മനുഷ്യാവകാശ ലംഘനം; 34000 കോടി നഷ്ടപരിഹാരം നൽകണം; ഫിഫയോട് ആംനസ്റ്റി

fifamanesty-20
SHARE

ഖത്തര്‍ ലോകപ്പിനുള്ള സ്റ്റേഡിയം നിര്‍മാണത്തിനിടെ മനുഷ്യാവകാശ ലംഘനം നേരിട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി  മുപ്പത്തിനാലായിരം കോടി രൂപ മാറ്റിവയ്ക്കണമെന്ന്  ആംസ്റ്റി ഇന്റര്‍നാഷ്ണല്‍ ഫിഫയോട് അവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കാതെ ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ആഘോഷമാക്കാന്‍ കഴിയില്ലെന്ന് മനുഷ്യാവകാശ സംഘടന പറയുന്നു. 

ഖത്തര്‍ ലോകകപ്പിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തൊഴിലാളികള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് 48 പേജുള്ള റിപ്പോര്‍ട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്ക്ക് മനുഷ്യാവകാശ സംഘടന കൈമാറി. നിര്‍മാണജോലിക്കിടെയുണ്ടായ അപകടത്തില്‍ മരണം,  പ്രതിഫലം തടഞ്ഞുവയ്ക്കല്‍, പിഴയീടാക്കല്‍ തുടങ്ങിയ അനീതികള്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടുവെന്ന്  റിപ്പോർട്ടില്‍ പറയുന്നു.  

മനുഷ്യാവകാശ ലംഘനം നേരിട്ടവര്‍ക്കും, ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും  നഷ്ടപരിഹാരം നല്‍കാന്‍   ഫണ്ട് രൂപീകരിക്കണമെന്നാണ് ആവശ്യം. ഖത്തര്‍ ലോകകകപ്പിന്റെ സമ്മാനത്തുകയ്ക്ക് തുല്യമായ ഫണ്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതുമുതലുള്ള സംഭവങ്ങള്‍ വിലയിരുത്തി വരുകയാണെന്ന് ഫിഫ പ്രതികരിച്ചു. സ്റ്റേഡിയം നിര്‍മാണം ആരംഭിച്ച 2010 മുതല്‍ 6500 കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടന്ന അന്വേഷണ റിപ്പോർട്ട് ദി ഗാര്‍ഡിയന്‍ ദിനപത്രം പുറത്തുവിട്ടിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഏറെയും. എംബസികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാര്‍ഡിയന്‍ റിപ്പോർട്ട്

MORE IN SPORTS
SHOW MORE