വിജയത്തിന്റെ വക്കോളമെത്തി, ഒടുവിൽ തോൽവി; പൊട്ടിക്കരഞ്ഞ് റിങ്കു സിങ്: വിഡിയോ

rinku-singh
SHARE

ചുണ്ടിനും കപ്പിനുമിടയിലെത്തിയ വിജയം വഴുതിപ്പോയതിന്റെ നിരാശയിൽ വികാരാധീനനായി കൊൽക്കത്ത യുവതാരം റിങ്കു സിങ്. തോറ്റെന്നുറപ്പിച്ച മത്സരം

വിജയത്തിന്റെ വക്കോളമെത്തിയപ്പോഴാണ് കൈവിട്ടുപോയത്. ലക്നൗവിനെതിരെ പവർ ഹിറ്റിങ്ങിനു പേരുകേട്ട മുൻനിര ബാറ്റർമാർ എല്ലാം പവിലിയനിലേക്കു മടങ്ങിയതോടെ തോൽവിയെ മുഖാമുഖം കണ്ട കൊൽക്കത്തയെ, സുനിൽ നരെയ്നെ കൂട്ടുപിടിച്ചു റിങ്കു വിജയത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ചിരുന്നു. 

16.4 ഓവറിൽ 150 റൺസ് എടുക്കുന്നതിനിടെ, ആന്ദ്രെ റസ്സൽ അടക്കമുള്ള 6 മുൻനിര ബാറ്റർമാർ പുറത്തായതിനു ശേഷമായിരുന്നു റിങ്കുവിന്റെ ബാറ്റിങ് വെടിക്കെട്ട്. വെറും 15 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 40 റൺസ് അടിച്ചെടുത്ത റിങ്കു പുറത്തായതാകട്ടെ, മത്സരം അവസാനിക്കാൻ ഒരൊറ്റ പന്തു മാത്രം ബാക്കി നിൽക്കെ.മാർക്കസ് സ്റ്റോയ്നിസ്സിന്റെ അവസാന ഓവറിൽ ജയത്തിലെത്താൻ 21 റൺസാണു കൊൽക്കത്തയ്ക്കു വേണ്ടിയിരുന്നത്. ഒരു ഫോറും 2 സിക്സും അടക്കം ആദ്യ 4 പന്തിൽ 18 റണ്‍സ് അടിച്ചെടുത്ത്, കൊൽക്കത്തയെ വിജയത്തിനു തൊട്ടരികെ എത്തിച്ചതിനു ശേഷമാണ് 5–ാം പന്തിൽ റിങ്കു പുറത്തായത്. എന്നാൽ അവസാന പന്തിൽ ഉമേഷ് യാദവ് കൂടി പുറത്തായതോടെ ലക്നൗ 2 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.

ഇതോടെ, നിതിഷ് റാണ (22 പന്തിൽ 9 ഫോർ അടക്കം 42), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (29 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 50), സാം ബില്ലിങ്സ് (24 പന്തിൽ 2 ഫോറും 3 സിക്സും അടക്കം 36), സുനിൽ നരെയ്ൻ (7 പന്തിൽ 3 സിക്സ് അടക്കം 21 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടവും പാഴായി.മത്സരത്തിലെ ജയത്തിനു പിന്നാലെ പ്ലേ ഓഫ് ഘട്ടത്തിലേക്കു മുന്നേറിയതിന്റെ ആവേശത്തിൽ ലക്നൗ ടീം ഡഗൗട്ട് ആഘോഷത്തിമിർപ്പിലേക്കു കടന്നപ്പോൾ കടുത്ത നിരാശയിൽ പൊട്ടിക്കരയുന്ന റിങ്കു സിങ്ങിന്റെ ദൃശ്യം ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്ത്തി.

അതേസമയം ഒ‍ട്ടും നിരാശയില്ലെന്നും, കാരണം താൻ കളിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇതെന്നും കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘ഞങ്ങളെ റിങ്കു ജയത്തിന്റെ വക്കോളം കൊണ്ടുചെന്നെത്തിച്ചത് ഏറെ ആസ്വദിച്ചു. റിങ്കു വളരെയധികം സങ്കടപ്പെട്ടിരുന്നു. ഞങ്ങളെ റിങ്കു മത്സരം ജയിപ്പിച്ചെടുക്കും എന്നാണു ഞാൻ വിശ്വസിച്ചിരുന്നത്. റിങ്കുവിനു മത്സരത്തിലെ ഹീറോ ആകാമായിരുന്നു. എന്തായാലും അവിസ്മരണീയ ഇന്നിങ്സാണു റിങ്കു കാഴ്ചവച്ചത്. റിങ്കുവിന്റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ട്’– ശ്രേയസ്സിന്റെ വാക്കുകൾ.

MORE IN SPORTS
SHOW MORE