മുഹമ്മദൻസിനെതിരെ ജയം; ഐ ലീഗ് ഫുട്ബോൾ കിരീടം ഗോകുലം കേരള എഫ്സിക്ക്

gokulam-kerala-fc-1
SHARE

‘ഫൈനൽ’ പോലെ നിർണായകമായ അവസാന മത്സരത്തിൽ മുഹമ്മദൻസിനെ തകർത്ത് ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തി ഗോകുലം കേരള എഫ്സി. തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം കേരള ഐ ലീഗ് ചാംപ്യന്മാരാകുന്നത്. ശനിയാഴ്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. രണ്ടു മലയാളി താരങ്ങളുടെ ബൂട്ടില്‍നിന്നാണ് വിജയഗോളുകൾ പിറന്നത്. മുഹമ്മദ് റിഷാദ് 49, എമില്‍ ബെന്നി 61 എന്നിവരായിരുന്നു ഗോകുലത്തിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഈ സീസണില്‍ 18 മത്സരം കളിച്ച ഗോകുലം കേരള ഒറ്റ മത്സരത്തില്‍ മാത്രമേ തോല്‍വി അറിഞ്ഞിട്ടുള്ളു. ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന മത്സരത്തില്‍ ശ്രദ്ധയോടെയായിരുന്നു ഗോകുലം തുടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ഇല്ലാതെയായിരുന്നു ഗോകുലം ഇറങ്ങിയത്. പ്രതിരോധ താരം അമിനോ ബൗബയായിരുന്നു ഫൈനലില്‍ ഗോകുലത്തെ നയിച്ചത്. 49ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് റിഷാദിന്റെ ഗോളില്‍ ഗോകുലം കേരള മുന്നിലെത്തി. ഒരു ഗോള്‍ ലീഡുമായി കളി മുന്നേറുന്നതിനിടെ മുഹമ്മദന്‍സിന്റെ സമനില ഗോള്‍ പിറന്നു. 57ാം മിനിറ്റില്‍ അസ്ഹറുദ്ദീന്‍ മാലിക്കായിരുന്നു മുഹമ്മദന്‍സിനായി സമനില ഗോള്‍ നേടിയത്. സമനില നേടിയതോടെ വീണ്ടും മത്സരത്തിന് ശക്തികൂടി. ഇതിനിടെ ഗോകുലം മുന്നേറ്റ താരം ജോര്‍ദാന്‍ ഫഌച്ചറിന് പരുക്കേറ്റു. പിന്നീട് ഫങ്ച്ചറിന് പകരം ശ്രീകുട്ടനായിരുന്നു കളത്തിലിറങ്ങിയത്. 69ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നി ഗോകുലത്തെ മുന്നിലെത്തിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം വേണമെന്ന വാശിയില്‍ മുഹമ്മദൻസ് ഗോള്‍ മടക്കുന്നതിനായി ഗോകുലം ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു.

എന്നാല്‍ സെന്റര്‍ ഡിഫന്‍ഡര്‍ അമിനോ ബൗബയും ഗോള്‍ കീപ്പര്‍ രക്ഷിത് ദകറും ചേര്‍ന്ന് മുഹമ്മദന്‍സിന്റെ എല്ലാ മുന്നേറ്റങ്ങളുടെയും മുനയൊടിച്ചു. ഒടുവില്‍ റഫറി ഫൈനല്‍ വിസില്‍ വിളിക്കുമ്പോള്‍ ചരിത്രനേട്ടവുമായി ഗോകുലം കേരളതാരങ്ങള്‍ മൈതാനം കീഴടക്കി. ആദ്യമായാണ് ഒരു കേരള ടീം ദേശീയ കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്.

MORE IN SPORTS
SHOW MORE