ഡിവില്ലിയേഴ്സ് തിരിച്ചു വരുന്നു; 'അബദ്ധ'ത്തില്‍ വെളിപ്പെടുത്തി കോലി

kohli
SHARE

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിടവാങ്ങുന്നതായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്. ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനമുണ്ടായത്. എന്നാലിതാ ഡിവില്ലിയേഴ്സ് തിരിച്ചുവരുന്നുവെന്ന സന്തോഷവാര്‍ത്തയാണ് ആരാധകരിലേക്ക് എത്തുന്നത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വിഡിയോയിലാണ് അടുത്ത സീസണിൽ ഡിവില്ലിയേഴ്സ് ടീമിലേക്കു മടങ്ങിയെത്തിയേക്കാമെന്നുള്ള സൂചന  വിരാട് കോലി നൽകിയിരിക്കുന്നത്. 

‘ഞാൻ ഡിവില്ലിയേഴ്സിനെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്. അദ്ദേഹവുമായി സ്ഥിരമായിത്തന്നെ ആശയവിനിമയം നടത്താറുണ്ട്. ഡിവില്ലിയേഴ്സ് എനിക്കും തുടർച്ചയായി സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഗോൾഫ് മത്സരങ്ങൾ കാണുന്നതിനായി യുഎസിലായിരുന്നു അദ്ദേഹം. അഗസ്ത മാസ്റ്റേഴ്സ് എന്നാണ് അതിനു പറയുന്ന പേര് എന്നാണു ഞാൻ കേട്ടത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം അവിടെയാണെന്നാണു ഡിവില്ലിയേഴ്സ് പറഞ്ഞത്. ഞങ്ങള്‍ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. മാത്രമല്ല, റോയൽ ചാലഞ്ചേഴ്സിന്റെ മത്സരങ്ങൾ വളരെ ശ്രദ്ധാപൂർവമാണു ഡിവില്ലിയേഴ്സ് കാണുന്നത്. അടുത്ത വർഷം, ഏതെങ്കിലും തരത്തിലുള്ള ചുമതലയ്ക്കു കീഴിൽ അദ്ദേഹം ഇവിടെയും ഇതുതന്നെ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്’– കോലി പറഞ്ഞു.

ഇതിനു തൊട്ടുപിന്നാലെ ‘ഓ ഞാൻ അതു പറഞ്ഞുവല്ലേ’ എന്ന് ചെറിയൊരു ചിരിയോടെ കോലി കൂട്ടിച്ചേർത്തു. ഇതോടെ ഡിവില്ലിയേഴ്സ് ടീമിലേക്ക് വരുന്നുവെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. താരം എന്ന നിലയിൽ ബാംഗ്ലൂരിലേക്കു ഡിവില്ലിയേഴ്സ് മടങ്ങിയെത്തില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ, ടീം സപ്പോർട്ട് സ്റ്റാഫായി ഡിവില്ലിയേഴ്സ് ടീമിനൊപ്പം ചേരാനാണു സാധ്യത.

രാജ്യാന്തര ക്രിക്കറ്റിൽനിന്നു 2018ൽ വിരമിച്ചിരുന്നെങ്കിലും ട്വന്റി20 ലീഗുകളിൽ എ.ബി. ഡിവില്ലിയേഴ്സ് കളിച്ചിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി 2021ലാണ് ഡിവില്ലിയേഴ്സ് ഏറ്റവും ഒടുവിലത്തെ ഐപിഎൽ മത്സരം കളിച്ചത്. 2011 മുതൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് താരമായിരുന്ന ഡിവില്ലിയേഴ്സ് ഐപിഎല്ലിൽ ഒട്ടേറെ മത്സരങ്ങളിൽ ഫ്രാഞ്ചൈസിയെ വിജയത്തിലെത്തിച്ചിട്ടുമുണ്ട്. വിരാട് കോലിയുമായി ഡിവില്ലിയേഴ്സ് കാത്തുസൂക്ഷിക്കുന്ന അടുത്ത വ്യക്തിബന്ധവും ഏറെ പ്രചാരം നേടിയിരുന്നു. 

MORE IN SPORTS
SHOW MORE