എൽബിഡബ്ലു; ഫീൽഡ് അംപയറെ തുറിച്ചുനോക്കി വാർണർ: വിഡിയോ

David-warner
SHARE

ചെന്നൈ സൂപ്പർ കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. റൺചേസിനിടെ എൽബിഡബ്ലു വിധിച്ച ഫീൽഡ് അംപയർ നിതിൻ മേനോനെ തുറിച്ചുനോക്കുന്ന ഡേവിഡ് വാർണറുടെ വിഡിയോ പുറത്ത്. ചെന്നൈ ഉയർത്തിയ 209 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 5–ാം ഓവറിലായിരുന്നു ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഓപ്പണർ ശ്രീകാർ ഭരത്തിനെ 2–ാം ഓവറിൽത്തന്നെ നഷ്ടപ്പെട്ട ഡൽഹിക്ക്, മത്സരം ജയിക്കാൻ ഡേവിഡ് വാർണറുടെ മികച്ച ബാറ്റിങ് പ്രകടനം അനിവാര്യമായിരുന്ന സമയത്താണു കാര്യങ്ങൾ മാറി മറിഞ്ഞത്. ശ്രീലങ്കൻ ഓഫ് സ്പിന്നർ മഹീഷ് തീക്ഷണ എറിഞ്ഞ ഓവറിലെ 2–ാം പന്തിൽ വാർണർ വിക്കറ്റിനു മുന്നിൽ കുരുങ്ങി. താരങ്ങളുടെ അപ്പീലിനു പിന്നാലെ വാർണർ ഔട്ടാണെന്നു ഫീൽഡ് അംപയർ നിതിൻ മേനോനും വിധിച്ചു.

ഒട്ടും അമാന്തിക്കാതെ വാർണർ ഡിആർഎസിനു പോയി.എന്നാൽ വിക്കറ്റ് ലെങ്തിൽ പിച്ച് ചെയ്ത പന്ത്, വാർണറുടെ ഓഫ് സ്റ്റംപിന്റെ ബെയ്ൽസിനെ തഴുകി പുറത്തേക്കു പോകുന്നതായാണു വിഡിയോ റീപ്ലേയിൽ തെളിഞ്ഞത്. അതോടെ, ഫീൽഡ് അംപയറുടെ തീരുമാനപ്രകാരം വാർണർ ഔട്ട് തന്നെയെന്നു 3–ാം അംപയറും വിധിച്ചു.

പിച്ച് ചെയ്തതിനു ശേഷം സ്പിൻ ചെയ്ത് ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുമെന്നു തോന്നിച്ച പന്തിൽ, വാർണർ ഔട്ടല്ല എന്നായിരുന്നു നിതിൻ മേനോന്റെ തീരുമാനം എങ്കിൽ ചെന്നൈ താരങ്ങൾ റിവ്യു എടുത്തിരുന്നെങ്കിലും വാർണർ ഔട്ടാകുമായിരുന്നില്ല. സ്ക്രീനിൽ ഔട്ടെന്നു തെളിഞ്ഞതിനു പിന്നാലെ, കടുത്ത അമർഷത്തോടെ നിതിൻ മേനോനെ തുറിച്ചുനോക്കിക്കൊണ്ടാണ് വാർണര്‍ പവിലിയനിലേക്കു മടങ്ങിയത്.

സീസണിൽ ഉജ്വല ഫോമിൽ ബാറ്റുചെയ്യുന്ന വാർണർ 12 പന്തിൽ ഒരു ഫോർ അടക്കം 19 റൺസ് നേടിയതിനു ശേഷമാണു പുറത്തായത്. വാർണറുടെ പുറത്താകലിനു പിന്നാലെ ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരം 91 റൺസിനാണു ഡൽഹി തോറ്റത്.

MORE IN SPORTS
SHOW MORE