ഖത്തർ ലോകകപ്പ് ഫുട്ബോൾ; ഇനി 200 ദിനങ്ങൾ

qatarfootball-03
SHARE

ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ കിക്കോഫിനു ഇനി 200 ദിനങ്ങൾ മാത്രം. വിശ്വമഹാമേളയുടെ വരവറിയിച്ച് ഖത്തറിൻറെ വിവിധയിടങ്ങളിലായി നാളെ മുതൽ ലോകകപ്പ് ട്രോഫിയുടെ പര്യടനം തുടങ്ങും. ഫുട്ബോൾ ആരാധകരുടെ പങ്കാളിത്തത്തോടെയാണ് പര്യടനം. 

അറബ് മേഖലയിലേക്കു ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിനെ സ്വീകരിക്കുന്നതിനുള്ള ആവേശമാണ് ഖത്തറിൽ നിറയുന്നത്. കാൽപ്പന്തുകളിയുടെ ആവേശവുമായി ഫിഫ ലോകകപ്പ് ട്രോഫിയുമായി തിങ്കളാഴ്ച വരെ ഖത്തറിൻറെ വിവിധയിടങ്ങളിൽ പര്യടനമുണ്ടാകും. 200 ദിവസത്തിനപ്പുറം ഖത്തറിൽ കാണാനാരിക്കുന്ന ആവേശക്കാഴ്ചകളുടെ ട്രെയിലറാണ് വരുംദിവസങ്ങളിലൊരുങ്ങുന്നത്. 

ആസ്പയർ പാർക്ക്, ലുസെയ്ൽ മറീന, സൂഖ് വാഖിഫ്, മിഷ്‌റെബ് ഡൗൺടൗൺ ദോഹ എന്നിവിടങ്ങളിൽ ട്രോഫി എത്തിക്കും. ഓരോയിടങ്ങളിലും ഫുട്ബോൾ മേഖലയിലെ പ്രശസ്തർ അതിഥികളായെത്തും. കാണികൾക്കായി പ്രത്യേക പരിപാടികളുമുണ്ടാകും. ആരാധകർക്കു ട്രോഫിക്കൊപ്പം നിന്ന് ചിത്രമെടുക്കുന്നതിനും അവസരമുണ്ടാകുമെന്നു സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സര ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരവുമുണ്ടാകും. വൈകിട്ട് 6.00 മുതൽ രാത്രി 9.00 വരെയാണ് പൊതുജനങ്ങൾക്ക് ട്രോഫി കാണാനുള്ള അവസരം. പത്തിനു കത്താറയിൽ ട്രോഫിക്ക് പ്രത്യേക യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. അതിനുശേഷം നവംബർ 21ന് അൽഖോറിലെ അൽ ബെയ്തിൽ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ തിരിച്ചെത്തിക്കും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ സംഘടിപ്പിക്കുന്നത്.

MORE IN SPORTS
SHOW MORE