സൂപ്പർ കൂൾ ദ്രാവിഡിന് 49-ാം പിറന്നാൾ; ആഘോഷമാക്കാൻ ടീം ഇന്ത്യ

dravid-11
SHARE

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലിന് ഇന്ന് നാല്‍പ്പത്തിയൊമ്പതാം പിറന്നാള്‍. ദേശീയ സീനിയര്‍ ടീമിന്‍റെ കോച്ചായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യപിറന്നാള്‍ ദിനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പരജയം സ്വപ്നം കണ്ട് ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റിനിറങ്ങുന്നതും.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത പേരാണ് രാഹുല്‍ ദ്രാവിഡ്.  പാറപോലെ ഉറച്ച പ്രതിരോധത്താല്‍ എതിരാളികള്‍ക്ക് എന്നും പേടിസ്വപ്നമായ വന്‍മതില്‍. ആ വന്‍മതിലിന് ഇന്ന് നാല്‍പ്പത്തിയൊമ്പത് വയസ്സ് തികയുകയാണ്. 2012 ല്‍ ദേശീയകുപ്പായത്തില്‍ നിന്നും വിടപറഞ്ഞെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ ദ്രാവിഡിന്‍റെ സാന്നിദ്ധ്യം സജീവമാണ്. അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനായി എത്തിയ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത് നിരവധി പുത്തന്‍താരങ്ങളെയാണ്.  2019ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തെത്തിയ ദ്രാവിഡ്, കഴിഞ്ഞ നവംബറിലാണ് ദേശീയ സീനിയര്‍ ടീമിന്‍റെ പരിശീലകനാകുന്നത്.

ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായെത്തിയശേഷമുള്ള ആദ്യപിറന്നാള്‍ ദ്രാവിഡിനും, ടീമിനും ഏറെ നിര്‍ണ്ണായകമായ ദിനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരജയമെന്ന കയ്യെത്തും ദൂരത്തിലുള്ള സ്വപ്നത്തിലേക്ക് ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങുകയാണ്. മൂന്നാം ടെസ്റ്റിന്‍റെ ആദ്യദിനം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടി തങ്ങളുടെ പ്രിയപരിശീലകന്‍റെ പിറന്നാള്‍ ദിനം മധുരമേറിയതാക്കാനായിരിക്കും ടീമംഗങ്ങളുടെ ലക്ഷ്യം.

MORE IN SPORTS
SHOW MORE